കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിധി വരുന്നതിന് ഇനി രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, വിചാരണയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ നിർണായക വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്, നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിന്റെ ഉള്ളടക്കമാണ് ഇതിൽ പ്രധാനം. 2017 ഫെബ്രുവരി 22-ന് രാവിലെ 09:22-നാണ് ദിലീപ് മുഖ്യമന്ത്രിക്ക് മെസേജ് അയച്ചത്. “തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്” എന്നായിരുന്നു സന്ദേശത്തിലെ പ്രധാന ഉള്ളടക്കം. മുഖ്യമന്ത്രിയെ കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ദിലീപ് സന്ദേശങ്ങൾ അയച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദ്ദത്തിലായെന്നും, അന്വേഷണം തന്നിലേക്ക് എത്തുമോ എന്ന ഭയത്താലാണ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് മെസേജ് അയച്ചതെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വീണ്ടെടുത്ത ഈ സന്ദേശം പ്രോസിക്യൂഷൻ കോടതിയിൽ നിർണായക തെളിവായി ഹാജരാക്കി. കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധം ആദ്യ ഭാര്യയായിരുന്ന മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്.
കൂടാതെ, കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കമെന്ന പ്രോസിക്യൂഷൻ വാദവും പുറത്തുവന്നു. കാവ്യയുടെ ഫോൺ നമ്പറുകൾ ദിലീപ് തന്റെ ഫോണിൽ ‘രാമൻ’, ‘RUK അണ്ണൻ’, ‘മീൻ’, ‘വ്യാസൻ’ തുടങ്ങിയ പേരുകളിലാണ് സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു. ഈ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളാണ് വിചാരണയുടെ അവസാന ഘട്ടത്തിൽ കോടതിയിൽ പരിഗണിച്ചത്.
ആകെ പത്ത് പ്രതികളുള്ള കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പോലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് കോടതിയിൽ വ്യക്തമാക്കിയത്. വിധി പ്രസ്താവത്തിന് ഇനി രണ്ടുനാൾ മാത്രം ശേഷിക്കെ, പുറത്തുവന്ന ഈ വിവരങ്ങൾ കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress attack case: Dileep’s messages to the Chief Minister ahead of the verdict revealed





