ലോയ്ഡ്മിൻസ്റ്റർ: വ്യാജ കണക്കുകൾ സമർപ്പിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയതിനെത്തുടർന്ന് ലോയ്ഡ്മിൻസ്റ്റർ ഹൗസിംഗ് അതോറിറ്റിയിലെ മാനേജറെ പിരിച്ചുവിട്ടതായി സസ്കാച്ചെവാൻ ഹൗസിംഗ് കോർപ്പറേഷൻ. പതിനായിരം ഡോളറിലധികം തുകയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണ്ടെത്തൽ. 2025 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ നടന്ന നഷ്ടങ്ങളെക്കുറിച്ച് പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.
സ്വകാര്യ ആവശ്യങ്ങൾക്കായി ഇന്ധനം വാങ്ങിയതും മറ്റ് വ്യക്തിഗത ചെലവുകളും ഔദ്യോഗിക ആവശ്യത്തിനെന്ന പേരിൽ ക്ലെയിം ചെയ്തതായാണ് മാനേജർക്കെതിരെയുള്ള പ്രധാന ആരോപണം. ഇതിനുപുറമെ സ്ഥാപനത്തിന്റെ ആസ്തികൾ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായും സംശയമുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ആഭ്യന്തര അന്വേഷണം നടത്തുകയും മാനേജറെ ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിനായി കേസ് നിലവിൽ പോലീസിന് കൈമാറിയിരിക്കുകയാണ്.
സമാനമായ മറ്റൊരു സംഭവത്തിൽ, സർക്കാർ നൽകിയ പർച്ചേസ് കാർഡ് ഉപയോഗിച്ച് സ്വകാര്യ ആവശ്യങ്ങൾക്കുള്ള ചെലവ് നടത്തിയ മറ്റൊരു ജീവനക്കാരനെയും പിരിച്ചുവിട്ടിട്ടുണ്ട്. ‘സാസ്ക് ബിൽഡ്സ് ആൻഡ് പ്രൊക്യുർമെന്റ്’ (SaskBuilds and Procurement) വകുപ്പിലെ ജീവനക്കാരനാണ് നടപടി നേരിട്ടത്. 2024 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ 575 ഡോളറിന്റെ ക്രമക്കേടാണ് ഇവിടെ നടന്നത്. ഈ തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചു കഴിഞ്ഞു.
സർക്കാർ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ത്രൈമാസ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്. 500 ഡോളറിന് മുകളിലുള്ള ഏത് സാമ്പത്തിക നഷ്ടവും റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയങ്ങൾക്ക് കർശന നിർദ്ദേശമുണ്ട്. അതേസമയം, പ്രവിശ്യയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലും സസ്കാച്ചെവാൻ പോളിടെക്നിക്കിലും ഈ കാലയളവിൽ ക്രമക്കേടുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fraud by providing fake figures; Action taken against housing manager in Lloydminster; Investigation handed over to police



