ഒട്ടുമിക്ക അമേരിക്കൻ വ്യാപാരക്കരാറുകളിലും താരിഫുകൾ ഉൾപ്പെടുന്നുണ്ടെന്നും, താരിഫുകളില്ലാതെ ഒരു കരാറിന് അമേരിക്ക തയ്യാറാകാൻ സാധ്യതയില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഡൊണാൾഡ് ട്രംപ് താരിഫുകളോട് വലിയ പ്രതിപത്തിയുള്ള വ്യക്തിയായതിനാൽ, ഭാവിയിൽ അമേരിക്കയുമായുണ്ടാകുന്ന ഏതൊരു വ്യാപാരക്കരാറിലും ചില കയറ്റുമതി താരിഫുകൾ കാനഡക്ക് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് ഹില്ലിൽ നടന്ന ഒരു കാബിനറ്റ് മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാർണി.
ട്രംപിന്റെ ഇതുവരെയുള്ള എല്ലാ വ്യാപാരക്കരാറുകളിലും ഏതെങ്കിലും തരത്തിലുള്ള താരിഫുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കാർണി വ്യക്തമാക്കി. താരിഫുകളില്ലാതെ ഒരു കരാറിന് അമേരിക്ക തയ്യാറാകാൻ ഇപ്പോൾ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദാഹരണത്തിന്, അമേരിക്കയ്ക്ക് വ്യാപാര മിച്ചമുള്ള ബ്രിട്ടനുമായുള്ള കരാറിൽ പോലും 10 ശതമാനം അടിസ്ഥാന താരിഫുണ്ട്. കാനഡയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള ഒരു കരാറിൽ മാത്രമേ ഒപ്പുവെക്കുകയുള്ളൂ എന്ന് G7 ഉച്ചകോടിക്ക് ശേഷം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ കാർണി പറഞ്ഞിരുന്നു.
നിലവിലെ സാഹചര്യത്തിൽ കാനഡക്ക് അമേരിക്കയുമായി ‘ഭാഗികമായ സ്വതന്ത്ര വ്യാപാര’മുണ്ടെന്നും ഇത് തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കാർണി പറഞ്ഞു. കാനഡ-യു.എസ്.-മെക്സിക്കോ കരാർ (CUSMA) അനുസരിച്ചുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഇളവുകൾ ലഭിക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണം. എന്നിരുന്നാലും, സ്റ്റീൽ, അലുമിനിയം, വാഹന കയറ്റുമതി എന്നിവയ്ക്ക് നിലവിലുള്ള യു.എസ്. സെക്ടറൽ താരിഫുകളും ഫാർമസ്യൂട്ടിക്കൽസ്, മരം, ചെമ്പ് എന്നിവയ്ക്ക് ചുമത്തുമെന്ന് പറഞ്ഞ താരിഫുകളും കാനഡയ്ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ താരിഫുകൾ കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ദോഷമുണ്ടാക്കുകയും തൊഴിൽ നഷ്ടത്തിനും കയറ്റുമതി കുറയുന്നതിനും കാരണമാവുകയും ചെയ്തിട്ടുണ്ട്. കാനഡയുടെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കേണ്ടത് അത്യാവശ്യമാണെന്നും കാർണി ഊന്നിപ്പറഞ്ഞു.


