കൊടുംചൂടിൽ കാട്ടുതീ ഉണ്ടാക്കിയ ഒരാൾക്ക് ഒട്ടാവയിൽ 1,200 ഡോളർ (ഏകദേശം 99,000 ഇന്ത്യൻ രൂപ) പിഴ ചുമത്തി. തീയണക്കാൻ വന്ന അഗ്നിശമന സേനയുടെ ചെലവുകൾ കൂടി ഈടാക്കുന്നതോടെ പിഴ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്. നഗരത്തിൽ നിലവിലുള്ള തീയിടൽ നിരോധനം ലംഘിച്ചതിനാണ് ഈ പിഴ.
സംഭവം നടന്നത് ഒട്ടാവയുടെ പ്രാന്തപ്രദേശമായ കെറ്റിൽസ് റോഡിലാണ്. ഇവിടെ ഒരു ഏക്കറിലധികം സ്ഥലത്തേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. സ്ഥലത്ത് ഹൈഡ്രന്റുകൾ ഇല്ലാത്തതിനാൽ വെള്ളം എത്തിച്ച് തീയണയ്ക്കാൻ അഗ്നിശമന സേനയ്ക്ക് നന്നായി ബുദ്ധിമുട്ടേണ്ടി വന്നു. ഈ തീ അണയ്ക്കുന്നതിനിടയിലാണ് അര ഏക്കറോളം വരുന്ന മറ്റൊരു തീപിടിത്തം കൂടി അവർ കണ്ടെത്തുന്നത്.
ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ രണ്ട് തീയും നിയന്ത്രണത്തിലാക്കാൻ അവർക്ക് സാധിച്ചു. ഈ തീപിടിത്തത്തിൽ ഒരാൾക്ക് ചെറിയരീതിയിൽ പൊള്ളലേറ്റെങ്കിലും ഗുരുതരമല്ലാത്തതുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല. നിരോധനം ലംഘിച്ച് തീയിട്ടാൽ 5,000 ഡോളർ വരെ പിഴയും കോടതിയിൽ ഹാജരാകേണ്ടിയും വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിലവിൽ, വരണ്ട കാലാവസ്ഥ കാരണം ഒട്ടാവയിലെങ്ങും കാട്ടുതീ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
A moment of carelessness, a $1,200 fine!; Eight-year sentence for setting fire!






