കാൻസർ രോഗനിർണയത്തിൽ പുതിയ മാറ്റം സൃഷ്ടിക്കാൻ ലിക്വിഡ് ബയോപ്‌സി എന്ന പുതിയ സാങ്കേതികവിദ്യ ഒരുങ്ങുന്നു. നേരത്തെയുള്ള രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ഇത് വഴിതുറക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. മാരകമായ അസുഖമാണ് കാൻസർ. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന ബയോപ്‌സികൾ രോഗികൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ്. അർബുദം ബാധിച്ച കോശങ്ങളും കലകളും ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഈ പരിശോധന രോഗിയുടെ ശരീരത്തിൽ ശസ്ത്രക്രിയയ്ക്ക് സമാനമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ ഈ പ്രക്രിയ വളരെ വേദനാജനകവും സമയമെടുക്കുന്നതുമാണ്. എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരമായി ലിക്വിഡ് ബയോപ്‌സി എന്ന പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ. ലളിതമായ ഒരു രക്തപരിശോധനയിലൂടെ കാൻസർ നിർണ്ണയിക്കാൻ സാധിക്കുമെന്നതാണ് ലിക്വിഡ് ബയോപ്‌സിയുടെ പ്രധാന സവിശേഷത. രോഗത്തെ സൂചിപ്പിക്കുന്ന ‘ബയോമാർക്കറുകൾ’ കണ്ടെത്തിയാണ് ഈ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്.
കനേഡിയൻ കാൻസർ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സ്റ്റുവർട്ട് എഡ്മണ്ട്‌സ് പറയുന്നതനുസരിച്ച്, ശ്വാസകോശം, അണ്ഡാശയം തുടങ്ങിയ മരണനിരക്ക് കൂടിയ അർബുദങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ ഈ പരിശോധന സഹായിക്കും.
ടൊറന്റോ ആസ്ഥാനമായുള്ള ഓക്സ്ഫോർഡ് കാൻസർ അനലിറ്റിക്സ് (OXcan) എന്ന കമ്പനിയുടെ സഹസ്ഥാപകൻ ഡോ. പീറ്റർ ജിയാൻറൂയി ലിയുവും അദ്ദേഹത്തിന്റെ ടീമും ശ്വാസകോശ അർബുദം കണ്ടെത്താനായി ഒരു രക്തപരിശോധന വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഓരോ വർഷവും 20,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുന്ന ശ്വാസകോശ അർബുദം പലപ്പോഴും മൂന്നോ നാലോ ഘട്ടങ്ങളിൽ എത്തുമ്പോഴാണ് കണ്ടെത്തുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് ലിയുവും സംഘവും ഈ പരിശോധന വികസിപ്പിച്ചത്. ഇതിനായി 5,000-ലധികം പ്രോട്ടീനുകൾ വിശകലനം ചെയ്യുകയും ശ്വാസകോശ അർബുദ സാധ്യത സൂചിപ്പിക്കുന്ന 20 പ്രോട്ടീനുകൾ കണ്ടെത്തുകയും ചെയ്തു.
90 ശതമാനത്തിലധികം കൃത്യതയോടെയാണ് ഈ പരിശോധന നടക്കുന്നത്. ഈ പരിശോധന ജീവൻ രക്ഷിക്കുക മാത്രമല്ല, ചികിത്സാ ചിലവുകൾ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ലിയു പറഞ്ഞു. ഈ സാങ്കേതികവിദ്യ മറ്റ് രോഗങ്ങൾ, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾ കണ്ടെത്താനും ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓക്സ്ഫോർഡ് കാൻസർ അനലിറ്റിക്സിന് പുറമേ, കിംഗ്സ്റ്റൺ ആസ്ഥാനമായുള്ള എംഡിറ്റെക്റ്റ് (mDETECT) എന്ന കമ്പനിയും സമാനമായ പരിശോധന വികസിപ്പിക്കുന്നുണ്ട്.
ഈ സാങ്കേതികവിദ്യ, വൈകി രോഗനിർണ്ണയം നടത്തിയ കാൻസർ രോഗികൾക്ക് ചികിത്സ നിരീക്ഷിക്കുന്നതിനും ഫലപ്രദമല്ലാത്ത ചികിത്സകൾ ഒഴിവാക്കുന്നതിനും സഹായിക്കും. എംഡിറ്റെക്റ്റ് വികസിപ്പിക്കുന്ന ശ്വാസകോശ അർബുദ പരിശോധനയ്ക്ക് ഏകദേശം 500 ഡോളർ മാത്രമാണ് ചിലവ്. ഇത് ആരോഗ്യ സംവിധാനങ്ങൾക്ക് കൂടുതൽ താങ്ങാനാവുന്നതും, ചികിത്സാ ഫലങ്ങൾ വേഗത്തിൽ വിലയിരുത്താൻ ഡോക്ടർമാരെ സഹായിക്കുന്നതുമാണ്. ഈ സാങ്കേതികവിദ്യ വിദൂര പ്രദേശങ്ങളിലെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനും സഹായകമാകും.
ടൊറന്റോ ആസ്ഥാനമായുള്ള അഡേല (Adela) പോലുള്ള മറ്റ് കമ്പനികൾ, ഒരേസമയം ഒന്നിലധികം കാൻസറുകൾ പരിശോധിക്കാൻ കഴിയുന്ന ദ്രാവക ബയോപ്‌സികൾ വികസിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ഈ കണ്ടുപിടുത്തങ്ങൾ കാൻസർ രോഗനിർണ്ണയത്തിലും ചികിത്സയിലും പുതിയൊരു യുഗത്തിന് വഴി തുറക്കുമെന്നാണ് ഡോ. എഡ്മണ്ട്‌സ് പറയുന്നത്. ഇത് ഡോക്ടർമാർക്ക് രോഗിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നും രോഗികൾക്ക് അനുയോജ്യമായ ചികിത്സകൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:






