ഡാർലിങ്ടൺ: മരിച്ചതായി പ്രഖ്യാപിച്ച സ്ത്രീ മോർച്ചറിയിൽ വെച്ച് ഉണർന്ന ഞെട്ടിക്കുന്ന സംഭവത്തിൽ ആരോഗ്യപ്രവർത്തകർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി സൂചന. 54 വയസ്സുള്ള ഒലിവ് മാർട്ടിൻ എന്ന സ്ത്രീ വീട്ടിൽ വെച്ച് മരിച്ചതായി തെറ്റായി വിലയിരുത്തിയ പാരാമെഡിക്കൽ ജീവനക്കാർ, അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനു പകരം ഡാർലിങ്ടൺ ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.എന്നാൽ, മോർച്ചറിയിൽ എത്തിച്ചപ്പോഴാണ് ഒലിവ് മാർട്ടിന് ജീവനുണ്ടെന്ന് ജീവനക്കാർ കണ്ടെത്തുന്നത്. ജീവന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചെങ്കിലും അൽപസമയത്തിനകം അവർ മരണത്തിന് കീഴടങ്ങി. 2023 ഒക്ടോബർ 13-നാണ് ഈ ദാരുണമായ സംഭവം നടന്നത്.
സംഭവത്തിൽ മസ്തിഷ്ക ക്ഷതമാണ് മരണകാരണമെന്ന് കൊറോണർ ജെറമി ചിപ്പർഫീൽഡ് കോടതിയിൽ വ്യക്തമാക്കി. ഒലിവിൻ്റെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ ടോം ബാർക്ലേ സെംപിൾ കോടതിയിൽ ഒരു പ്രധാന ചോദ്യം ഉന്നയിച്ചു, മരിച്ചതായി വിലയിരുത്തിയതിനാൽ അത്യാഹിത വിഭാഗത്തിൽ ലഭിക്കേണ്ട നിർണായകമായ രണ്ട് മണിക്കൂർ ചികിത്സ ഒലിവിന് നഷ്ടപ്പെട്ടു. മോർച്ചറിയിലേക്ക് കൊണ്ടുപോകാതെ നേരിട്ട് ആശുപത്രിയിലേക്ക് എത്തിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നോ എന്നായിരുന്നു അദ്ദേഹം കോടതിയിൽ ചോദിച്ചത്.
സംഭവത്തിൽ നോർത്ത് ഈസ്റ്റ് ആംബുലൻസ് സർവീസ് വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ പൂർണ്ണമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പാരാമെഡിസിൻ ഡയറക്ടർ ആൻഡ്രൂ അറിയിച്ചു. ഡർഹാം കോൺസ്റ്റാബുലറി മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും നിലവിൽ ക്രിമിനൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല. കേസിൻ്റെ തുടർ വിചാരണ 2026 ജനുവരി 30-ന് നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
A dead woman was revived in the morgue, then died again; This is the shocking incident in Britain






