ജമ്മു കാശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്താൻ ബന്ധങ്ങൾ വലിയ സംഘർഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്താനുമായുള്ള എല്ലാ വിസകളും റദ്ദാക്കുകയും പുതിയ വിസ സേവനങ്ങൾ നിർത്തിവയ്ക്കുകയും ചെയ്തു.
ഇന്ത്യയുടെ കർശന നടപടികൾക്ക് മറുപടിയായി പാകിസ്താനും സമാന നിലപാടുകൾ സ്വീകരിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചേർന്ന പാകിസ്താന്റെ ദേശീയ സുരക്ഷാ സമിതി യോഗത്തിൽ, ഇന്ത്യയുമായുള്ള സിംലാ കരാർ ഉൾപ്പെടെയുള്ള എല്ലാ ദ്വിരാഷ്ട്ര കരാറുകളും താത്കാലികമായി നിലത്തുവയ്ക്കാമെന്ന ഭീഷണി മുഴക്കി.
1971ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനു ശേഷം ഉണ്ടാക്കിയ സിംലാ കരാർ ഇരു രാജ്യങ്ങളും പൂർണമായി അംഗീകരിച്ച സമാധാന ഉടമ്പടിയാണ്. ഈ കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ (LoC) മാറ്റം വരുത്താതെ നിലനിർത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ പാകിസ്താന്റെ പുതിയ നിലപാട് ഈ കരാറിന്റെ ഭാവിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. 1949ലെ കറാച്ചി കരാർ പ്രകാരം, കാശ്മീരിലെ CHALUNGA മുതൽ NJ9842 വരെയുള്ള പ്രദേശമാണ് നിയന്ത്രണരേഖയായി അംഗീകരിച്ചിട്ടുള്ളത്.
എന്നാൽ ചരിത്രപരമായി നോക്കുമ്പോൾ, സിയാച്ചിൻ ഗ്ലേഷിയറിൽ പാകിസ്താൻ കൈവയ്ക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ‘ഓപ്പറേഷൻ മേഘദൂത്’ വഴി അതിൻ്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പിന്നീട് കാർഗിൽ യുദ്ധത്തിലും പാകിസ്താൻ നിയന്ത്രണരേഖ ലംഘിക്കുകയും ഇന്ത്യ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴത്തെ സംഭവവികാസങ്ങൾ കണക്കിലെടുക്കുമ്പോൾ, പാകിസ്താന്റെ സിംലാ കരാർ പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം ഗുരുതരമായ രാഷ്ട്രീയ-സൈനിക പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇരു രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾ കാരണം അവരുടെ നയതന്ത്രം അപകടകരമായ സ്ഥിതിയിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക ലോകത്തെ പ്രധാന ശക്തികൾക്കും ഉയർന്നിട്ടുണ്ട്.



