ജമ്മു കശ്മീരിലെ പഹൽഗാമാം ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തി. നിരപരാധികളായ സിവിലിയന്മാരെയും വിനോദസഞ്ചാരികളെയും കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത വിവേകശൂന്യവും ഞെട്ടിക്കുന്നതുമായ അക്രമ പ്രവൃത്തിയാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി എക്സിൽ കുറിച്ചു. “ഈ ഭീകരാക്രമണത്തെ കാനഡ ശക്തമായി അപലപിക്കുന്നു. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഞങ്ങൾ അനുശോചനം അറിയിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രസ്താവന പുറപ്പെടുവിച്ച ജി7 നേതാക്കളിൽ അവസാനത്തെയാളാണ് കാർണി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ആദ്യം ഭീകരാക്രമണം അപലപിച്ച് രംഗത്തെത്തിയത്. മറ്റ് ജി7 അംഗങ്ങൾ, ഇറ്റലി, യൂറോപ്യൻ യൂണിയൻ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജപ്പാൻ എന്നിവർ പിന്നീട് ആക്രമണത്തെ അപലപിച്ചു.
കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവ്രെ ആക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിന് ശേഷമാണ് കാർണിയുടെ പ്രസ്താവന വന്നത്. “ജമ്മു കശ്മീരിൽ വിനോദസഞ്ചാരികളും കുടുംബങ്ങളും ഉൾപ്പെടെ നിരപരാധികളായ സാധാരണക്കാരുടെ ജീവൻ കവർന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇരകളോടും അവരുടെ പ്രിയപ്പെട്ടവരോടുമൊപ്പമാണ് ഞങ്ങളുടെ ഹൃദയങ്ങൾ. എല്ലാതരം ഭീകരതയ്‌ക്കെതിരെയും കാനഡ ഒറ്റക്കെട്ടായി നിലകൊള്ളുന്നു,” ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പൊയ്‌ലിവ്രെ പറഞ്ഞു
ഏപ്രിൽ 28-ലെ ഫെഡറൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലാണ് ഇരു നേതാക്കളും. എന്നാൽ ഇത്രത്തോളം നടുക്കുന്ന ഭീകരാക്രമണം നടന്നിട്ടും ചൊവ്വാഴ്ച മുഴുവൻ കാനഡയിലെ പ്രധാനനേതാക്കളിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കാത്തതിൽ ഇന്തോ-കനേഡിയൻ കമ്മ്യൂണിറ്റി സംഘടനകൾ രോഷം പ്രകടിപ്പിച്ചിരുന്നു.






