ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് കനത്ത തിരിച്ചടിയുമായി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജലകരാർ മരവിപ്പിച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുരക്ഷാസമിതി യോഗത്തിൽ എടുത്തത്. വാഗാ അട്ടാരി അതിർത്തി അടയ്ക്കും. കൃത്യമായ രേഖകളോടെ അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാക് പൗരന്മാർക്ക് ഇനി വിസ നൽകില്ല. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാക് പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമുണ്ടായിരിക്കില്ല. സാർക് വീസ എക്സ്റ്റൻഷൻ സ്കീം പ്രകാരം വീസ ലഭിച്ച എല്ലാ പാക്കിസ്ഥാൻകാരുടെയും വീസ റദ്ദാക്കിയിട്ടുണ്ട്. പാക്ക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻമാർക്ക് രാജ്യം വിടാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. പാക് ഹൈക്കമ്മീഷണർ ഓഫീസിലെ അംഗസംഖ്യ 55ൽ നിന്ന് 30 ആക്കി വെട്ടിച്ചുരുക്കി. പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. പാക്ക് പ്രതിരോധ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കാൻ തീരുമാനിച്ചു. ഇതോടെ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയിരിക്കുന്നത്.
പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധങ്ങളിൽ ഇത്ര കടുത്ത തീരുമാനം എടുക്കുന്നത് ഇതാദ്യമായാണ്. രണ്ടര മണിക്കൂറോളം നീണ്ട സുരക്ഷാസമിതി യോഗത്തിനൊടുവിലാണ് തീരുമാനം പുറത്തുവന്നത്. നയതന്ത്ര കാര്യാലയത്തിൽ ഏതാനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നത് ഒഴിച്ചാൽ പാക്കിസ്ഥാനുമായി ഇനി ഒരു ബന്ധത്തിനുമില്ല എന്ന തീരുമാനമാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ഭീകരാക്രമണത്തെ സിസിഎസ് യോഗം അപലപിച്ചു . പിന്തുണ അറിയിച്ച വിദേശരാജ്യങ്ങൾക്ക് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നന്ദി അറിയിച്ചു. ഭീകരാക്രമണത്തിന് അതിർത്തി കടന്ന് പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മേഖലയിലെ സുരക്ഷാ സാഹചര്യം ചർച്ച ചെയ്യാൻഅജിത് ഡോവൽ, വ്യോമസേനാ മേധാവി മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി. പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ടവർക്കെതിരെയും ആസൂത്രണം ചെയ്തവർക്കെതിരെയും ശക്തവും വ്യക്തവുമായ നടപടി സ്വീകരിക്കുമെന്ന് രാജ്യത്തിന് പ്രതിരോധ മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. എല്ലാ സേനാ വിഭാഗങ്ങൾക്കും അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.






