COP30 ഉച്ചകോടിക്ക് മുന്നോടിയായി ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാൻ രാജ്യങ്ങളോട് അഭ്യർത്ഥന
ഈ വർഷം ബ്രസീലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിക്ക് (COP30) മുന്നോടിയായി, ഹരിതഗൃഹവാതകങ്ങൾ കുറയ്ക്കാൻ പ്രധാന രാജ്യങ്ങളോട് ബ്രസീൽ ആവശ്യപ്പെട്ടു. ബ്രസീൽ പ്രസിഡന്റ് ലുല ഡാ സിൽവയും ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി ആന്റോണിയോ ഗുട്ടറസും ചേർന്ന് ചൈന, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് തുടങ്ങിയ വലിയ രാജ്യങ്ങളെയും ചെറുദ്വീപ് രാജ്യങ്ങളെയും പങ്കെടുപ്പിച്ച് ഒരു ഓൺലൈൻ യോഗം നടത്തി.
ഇവരുടെ ലക്ഷ്യം – ലോകത്തിലെ ഹരിതഗൃഹ വാതകങ്ങൾ കുറച്ച് ഭൂമിയുടെ താപനില 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്തുക എന്നതാണ്. ബ്രസീലും ഐക്യരാഷ്ട്രസഭയും എല്ലാ രാജ്യങ്ങളോടും പുതിയ കാലാവസ്ഥാ പദ്ധതികൾ (NDCs) സെപ്റ്റംബറിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പല രാജ്യങ്ങളും ഇതിനായി അനുവദിച്ച തീയതി കഴിഞ്ഞിട്ടും പദ്ധതികൾ സമർപ്പിച്ചിട്ടില്ല.
ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗാണ് യോഗത്തിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത്. പുതിയ കാലാവസ്ഥാ പദ്ധതികൾ ഉടൻ സമർപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിൽ എല്ലാ വ്യവസായ മേഖലകളെയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി. “ഏറെ രാജ്യങ്ങൾ വൈകിയതുകൊണ്ട്, അവർക്ക് ഈ പദ്ധതികൾ ഉടൻ സമർപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു” എന്ന് ബ്രസീൽ വിദേശകാര്യ മന്ത്രി പറഞ്ഞു.






