ടൊറന്റോ: കാനഡയിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നതിനിടെ ഒരു വർഷത്തിൽ കുറഞ്ഞത് 29,000 പേർ മരിച്ചതായി SecondStreet.org പുറത്തുവിട്ട റിപ്പോർട്ട്. 2025–26 കാലയളവിലെ കണക്കുകളാണ് റിപ്പോർട്ടിലുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് വെയിറ്റിംഗ് ലിസ്റ്റിലെ മരണങ്ങളിൽ 1.4 ശതമാനം വർധനയുണ്ടായി. ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന രോഗികളുടെ മരണസംഖ്യയിൽ 17.5 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ ഡയഗ്നോസ്റ്റിക് സ്കാനുകൾക്കായി കാത്തിരുന്നവരുടെ മരണത്തിൽ 2.8 ശതമാനം കുറവുണ്ടായി.
എല്ലാ പ്രവിശ്യകളും ഇത്തരം മരണങ്ങളുടെ കണക്കുകൾ കൃത്യമായി ശേഖരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്നില്ലെന്നും യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാമെന്നും SecondStreet.org സംഘടനയുടെ പ്രസിഡന്റ് കോളിൻ ക്രെയ്ഗ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആദ്യം കൃത്യമായ വിവരശേഖരണവും പരിശോധനയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചികിത്സ വൈകിയതിന്റെ അനുഭവം പങ്കുവച്ച ക്രിസ്റ്റിൻ ലോഗന് 2023 സെപ്റ്റംബറിലാണ് നാലാം ഘട്ട അണ്ഡാശയ കാൻസർ സ്ഥിരീകരിച്ചത്. മാസങ്ങളോളം പരിശോധനകൾക്കായി കാത്തിരിക്കേണ്ടിവന്ന ശേഷമാണ് രോഗം കണ്ടെത്തിയത്. തുടർന്ന് കാനഡയിൽ ചികിത്സ ലഭിക്കാൻ നേരിട്ട കാലതാമസത്തെ തുടർന്ന് ലോഗൻ അമേരിക്കയിൽ ചികിത്സ തേടി. പിന്നീട് തുടർചികിത്സയ്ക്കും താമസസൗകര്യത്തിനുമായി കുടുംബത്തോടൊപ്പം ടെക്സസിലേക്ക് താമസം മാറി.
പ്രവിശ്യകളിൽ മരണസംഖ്യയിൽ വ്യത്യാസമുണ്ട്. ബ്രിട്ടീഷ് കൊളംബിയയിൽ 4,620ൽ നിന്ന് 4,365 ആയും സസ്കാച്വാനിൽ 333ൽ നിന്ന് 317 ആയും മരണങ്ങൾ കുറഞ്ഞു. എന്നാൽ മാനിറ്റോബയിൽ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്നവരുടെ മരണം 163ൽ നിന്ന് 316 ആയി ഉയർന്നു. ഒന്റാരിയോയിൽ ചികിത്സയ്ക്ക് മുമ്പ് രോഗികൾ മരിച്ചതിനെ തുടർന്ന് 115 കാൻസർ ശസ്ത്രക്രിയകൾ റദ്ദാക്കിയതായും റിപ്പോർട്ട് പറയുന്നു.
Also Read: ജീവനക്കാർ എന്താ ഇങ്ങനെ? കാനഡയിലെ വിമാനത്താവളങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ളത് 6,989 ജീവനക്കാർക്ക്
കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2017നും 2025നും ഇടയിൽ പ്രധാനപ്പെട്ട 12 ചികിത്സകളിൽ എട്ടിനും രോഗികൾക്ക് കാത്തിരിക്കേണ്ട സമയം വർധിച്ചു. തിമിര ശസ്ത്രക്രിയ, എംആർഐ സ്കാൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. പ്രായമായവരുടെ എണ്ണം കൂടുന്നതിനൊപ്പം ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചികിത്സയ്ക്കുള്ള കാത്തിരിപ്പ് കുറയ്ക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





