മെല്‍ബണ്‍: വനിതാ ബിഗ് ബാഷ് ലീഗില്‍ (WBBL) വിചിത്രമായ രീതിയില്‍ പുറത്തായി വെസ്റ്റ് ഇന്‍ഡീസ് താരം ഡിയാന്‍ഡ്ര ഡോട്ടിന്. ക്രീസിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് ബാറ്റര്‍ നിലയുറപ്പിക്കാതെ നില്‍ക്കെ പന്തെറിഞ്ഞ സാറാ ഗ്ലെന്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ‘ഫ്രീ ബോള്‍’ എന്നറിയപ്പെട്ട ഈ പന്തില്‍ ഡോട്ടിന് റണ്‍സൊന്നുമെടുക്കാതെ പുറത്തായി.

ബ്രിസ്ബെയ്ന്‍ ഹീറ്റിനെതിരായ മത്സരത്തില്‍ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്നു മെല്‍ബണ്‍ റെനഗേഡ്സ്. 15-ാം ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയിലാണ് ഡോട്ടിന് ക്രീസിലെത്തിയത്. എന്നാല്‍ ക്രീസിലെത്താന്‍ വൈകിയതിനാല്‍ ടൂര്‍ണമെന്റിലെ പരിഷ്കരിച്ച ‘ടൈംഡ് ഔട്ട്’ നിയമം ഡോട്ടിന് ബാധകമായി.
2021-22 സീസണിന് മുന്നോടിയായി പരിഷ്കരിച്ച നിയമപ്രകാരം, വിക്കറ്റ് വീഴുകയോ ബാറ്റര്‍ വിരമിക്കുകയോ ചെയ്താല്‍ പുതിയ ബാറ്റര്‍ 75 സെക്കന്‍ഡിനുള്ളില്‍ പന്ത് നേരിടാന്‍ തയ്യാറാകണം. ഇതിന് കഴിയാത്ത പക്ഷം, ബാറ്റിങ് ആരംഭിക്കുന്ന ആദ്യ പന്തില്‍ ബാറ്റര്‍ പിച്ചില്‍നിന്ന് മാറിനില്‍ക്കണം. ലെഗ് സൈഡിലെ വിക്കറ്റ് ലൈനില്‍നിന്ന് കുറഞ്ഞത് അഞ്ച് മീറ്റര്‍ അകലെയാണ് നില്‍ക്കേണ്ടത്. ഈ സമയം ബൗളര്‍ക്ക് പന്തെറിയാം.
ഡോട്ടിന് സ്ക്വയര്‍ ലെഗിന് സമീപം മാറിനിന്നപ്പോള്‍ സാറാ ഗ്ലെന്‍ അടുത്ത പന്തില്‍ ബാറ്ററില്ലാത്ത സ്റ്റംപിലേക്ക് പന്തെറിയുകയായിരുന്നു. പന്ത് സ്റ്റംപില്‍ തട്ടിയതോടെ ഡോട്ടിനെ ബൗള്‍ഡായി വിധിച്ചു. ഈ പന്ത് ഓവറിലെ ഒരു പന്തായി കണക്കാക്കുകയും ചെയ്തു. എന്നാല്‍ മത്സരത്തിന്റെ അവസാന പന്തില്‍ റെനഗേഡ്സ് വിജയലക്ഷ്യം മറികടന്നു. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട റെനഗേഡ്സ് ക്യാപ്റ്റന്‍ സോഫി മോളിന്യൂക്സ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. ക്രിക്കറ്റില്‍ ഇതുവരെ കാണാത്ത സംഭവമാണിതെന്ന് അവര്‍ പറഞ്ഞു. ഡോട്ടിന് പാഡണിഞ്ഞ് ക്രീസിലെത്താനുള്ള നിര്‍ദേശം നല്കാന് ടീം വൈകിയെന്നും ഇതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനുണ്ടെന്നും മോളിന്യൂക്സ് കൂട്ടിച്ചേര്‍ത്തു. അടുത്ത പത്ത് വര്‍ഷത്തേക്ക് ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Sarah Glenn Dismisses Dottin Under Timed-Out Rule’




