വത്തിക്കാൻ സിറ്റി: ജീവിതത്തിൽ മൂന്നുതവണ പിശാചിനെ നേരിൽ കണ്ടിട്ടുണ്ടെന്നും ആ ഭയപ്പെടുത്തുന്ന കണ്ണുകളും പരുക്കൻ ശബ്ദവും ഒരിക്കലും മറക്കാനാവില്ലെന്നും വെളിപ്പെടുത്തുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറിക്കുറിപ്പുകൾ പുറത്ത്. ചൊവ്വാഴ്ച പ്രകാശനം ചെയ്ത ‘ദി പ്രൈവറ്റ് ഡയറി ഓഫ് പോപ്പ് ഫ്രാൻസിസ്’ എന്ന പുസ്തകത്തിലാണ് അന്തരിച്ച മാർപാപ്പയുടെ ആത്മീയ പോരാട്ടങ്ങളെക്കുറിച്ചുള്ള ഈ നിർണ്ണായക വിവരങ്ങളുള്ളത്.
ഒരിക്കൽ കാറിൽ യാത്ര ചെയ്യുമ്പോഴും, മറ്റൊരിക്കൽ വിശുദ്ധ കുർബാനയ്ക്കിടെ ക്വയർ ലോഫ്റ്റിൽ വെച്ചും, മൂന്നാമതായി വത്തിക്കാൻ ഉദ്യോഗസ്ഥരുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്കിടെയുമാണ് പിശാചിനെ കണ്ടതെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്. പിശാചുമായുള്ള ഈ കണ്ടുമുട്ടലുകളുടെ ആഘാതത്തിൽ നിന്ന് സ്വയം മോചിതനാകാൻ കർത്താവ് തനിക്ക് അവസരം നൽകിയെന്നും അദ്ദേഹം ഡയറിയിൽ രേഖപ്പെടുത്തി.
താൻ ‘നരകത്തിന്റെ കവാടങ്ങൾ’ കണ്ട അനുഭവത്തെക്കുറിച്ചും മാർപാപ്പ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 2018 ജൂണിലെ ഒരു രാത്രിയിൽ ഉറങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് നരകത്തിലേക്കുള്ള പ്രവേശനകവാടം കണ്ടതെന്നും, അത് തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും അദ്ദേഹം എഴുതി. ആ ഭയാനകമായ സാഹചര്യത്തെ നേരിടാൻ താൻ ജപമാലയെ ഒരു ആയുധമായി എടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1960-കൾക്ക് ശേഷം ഇതാദ്യമായാണ് ഒരു മാർപാപ്പയുടെ സ്വകാര്യ ഡയറി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. അഞ്ച് ഭാഷകളിലായി 94 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയിരിക്കുന്നത്. 2025 ഏപ്രിലിൽ 88-ാം വയസ്സിൽ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ 1992 മുതൽ 2024 വരെയുള്ള കാലയളവിലെ ഡയറിക്കുറിപ്പുകളാണ് വത്തിക്കാൻ വിശ്വാസ തിരുസംഘം അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് സമാഹരിച്ച ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





