വാഷിംഗ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) രാജ്യവ്യാപകമായി വിമാനങ്ങളുടെ ടേക്ക് ഓഫുകൾക്ക് താൽക്കാലിക വിലക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയിൽ ഏകദേശം 7,000 വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതായി റിപ്പോർട്ട്. ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ ഗുരുതരമായ തകരാറാണ് വിമാന സർവീസുകൾ പൂർണ്ണമായും സ്തംഭിക്കാൻ ഇടയാക്കിയതെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി മാർക്ക്വെയ്ൻ മള്ളിൻ അറിയിച്ചു. തകരാറിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും സാധാരണ നില പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 22 റീജണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളെയും ആശയവിനിമയ തകരാർ സാരമായി ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോൺ ഡഫി വിശദീകരിച്ചു. സൈബർ ആക്രമണമോ അട്ടിമറി ശ്രമങ്ങളോ സംഭവത്തിന് പിന്നിലില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതായും സാങ്കേതിക വിദഗ്ധർ വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. പഴക്കമുള്ള ഹാർഡ്വെയർ സംവിധാനങ്ങളിലെയും റൂട്ടറുകളിലെയും തകരാറാണ് ആശയവിനിമയ തടസ്സത്തിന് കാരണമായതെന്നാണ് ഗതാഗത വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ.
അതേസമയം, എയർ ട്രാഫിക് നിയന്ത്രണത്തിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പുതിയ ആർട്ടിഫീഷ്യൽ ഇന്റലിജൻസ് (AI) സംവിധാനം നടപ്പാക്കുന്നതിനിടെയാണ് ഈ വൻ പ്രതിസന്ധി ഉടലെടുത്തത്. സാങ്കേതിക തകരാറുമായി പുതിയ എ.ഐ സംവിധാനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നാൽ, തങ്ങളുടെ എ.ഐ സംവിധാനമല്ല വിമാന സർവീസുകൾ തടസ്സപ്പെടാൻ കാരണമെന്ന് പദ്ധതിയുടെ നിർമ്മാതാക്കളായ എയർ സ്പേസ് ഇന്റലിജൻസ് (ASI) വ്യക്തമാക്കി.
ALSO READ: കാനഡയിൽ ക്രിപ്റ്റോ തട്ടിപ്പ്: എയ്ഡൻ പ്ലെറ്റേഴ്സ്കി കുറ്റക്കാരനെന്ന് കോടതി
വ്യോമയാന മേഖലയ്ക്ക് പുറമെ അമേരിക്കൻ ദേശീയ കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തനങ്ങളെയും രാജ്യവ്യാപകമായുണ്ടായ ഇന്റർനെറ്റ്, ആശയവിനിമയ തകരാർ ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പുകളും വിവരങ്ങളും യഥാസമയം ലഭിക്കുന്നതിന് തടസ്സം നേരിടുന്നുണ്ടെന്നും, ഔദ്യോഗിക വെബ്സൈറ്റുകളിൽ പഴയ വിവരങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വ്യോമപാത വീണ്ടും തുറന്നുകൊടുത്തതായും വിമാന സർവീസുകൾ പുനരാരംഭിച്ചതായും ഗതാഗത സെക്രട്ടറി പിന്നീട് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





