വാഷിങ്ടൺ: അസാധാരണ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി അമേരിക്കയിൽ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA). രാജ്യത്തെ മുഴുവൻ എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെയും ബാധിച്ച ആശയവിനിമയ തകരാറിനെത്തുടർന്നാണ് അടിയന്തര നടപടി.

പ്രശ്നം പരിഹരിക്കുന്നതുവരെ വിമാനങ്ങൾ നിലത്തുതന്നെ തുടരണമെന്ന് FAA നിർദേശം നൽകി. അന്താരാഷ്ട്ര വിമാനങ്ങളുടെ കാര്യത്തിൽ ഓരോന്നും പ്രത്യേകം പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിമാനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്നത് പ്രാദേശിക എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളാണ്. ഈ കേന്ദ്രങ്ങളെയെല്ലാം ബാധിച്ച ആശയവിനിമയ പ്രശ്നമാണ് വിമാന സർവീസുകൾ നിർത്തിവെക്കാൻ കാരണമെന്ന് ഗതാഗത സെക്രട്ടറി സീൻ ഡഫി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. FAA സാങ്കേതിക വിദഗ്ധർ തകരാർ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: കാനഡയിലെ യാത്രാപ്രേമികൾക്ക് വൻ ഓഫറുകൾ; 5 പുതിയ പാക്കേജുകളുമായി ട്രാവൽസൂ
അമേരിക്കയിൽ ഇതിന് മുമ്പ് രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കിയത് 2023 ജനുവരിയിലാണ്. അന്ന് പൈലറ്റുമാർക്ക് മുന്നറിയിപ്പുകളും വിവരങ്ങളും നൽകുന്ന സംവിധാനത്തിലുണ്ടായ തകരാറിനെത്തുടർന്നായിരുന്നു നടപടി. അതിന് മുമ്പ് 2001 സെപ്റ്റംബർ 11-ലെ ഭീകരാക്രമണത്തിന് ശേഷമാണ് സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തകരാറിന്റെ കാരണം കണ്ടെത്താനും വിമാന സർവീസുകൾ പുനരാരംഭിക്കാനുമുള്ള നടപടികൾ അധികൃതർ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘FAA Grounds Flights Across the US Over Safety Concerns’




