ഓട്ടവ: വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ദിനംപ്രതിയുളള പണമിടപാടുകൾ അപ്പപ്പോൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ‘റിയൽ-ടൈം റെയിൽ’ (Real-Time Rail) ദേശീയ പേയ്മെന്റ് നെറ്റ്വർക്ക് പേയ്മെന്റ്സ് കാനഡ വിജയകരമായി പുറത്തിറക്കി. പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ പേയ്മെന്റ് വ്യവസ്ഥയ്ക്ക് കൂടുതൽ കരുത്തേകുന്ന ശക്തമായ അടിത്തറയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് പേയ്മെന്റ്സ് കാനഡ സി.ഇ.ഒ സൂസൻ ഹോക്കിൻസ് വ്യക്തമാക്കി.
2019-ൽ നടപ്പിലാക്കാൻ ലക്ഷ്യമിട്ടിരുന്ന ഈ പദ്ധതി സാങ്കേതികവും സുരക്ഷാപരവുമായ കാരണങ്ങളാൽ ഏറെ വൈകിയാണ് ഇപ്പോൾ പ്രവർത്തനസജ്ജമായിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ വെൽത്ത്സിംപിൾ, ക്വസ്റ്റ്ബാങ്ക്, പീപ്പിൾസ് ട്രസ്റ്റ്, പാരമൗണ്ട് കൊമേഴ്സ്, കോഹോ, ഡൂബിസിനസ്, ഡിജിറ്റൽ കൊമേഴ്സ് ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക തുടങ്ങിയ സ്ഥാപനങ്ങളാണ് നെറ്റ്വർക്കിന്റെ ഭാഗമായിട്ടുള്ളത്. വരും മാസങ്ങളിൽ രാജ്യത്തെ മുന്നിര കനേഡിയൻ ബാങ്കുകളും ഇതിലേക്ക് ചേരുമെന്നാണ് കരുതുന്നത്. ഡെബിറ്റ് കാർഡ് ഇടപാടുകൾ, ഡയറക്ട് ഡെപ്പോസിറ്റുകൾ, ബിൽ പേയ്മെന്റുകൾ, ചെക്കുകൾ എന്നിവയുൾപ്പെടെയുളള പ്രക്രിയകൾ ഇനി കൂടുതൽ തടസ്സമില്ലാതെ തത്സമയം നടക്കും.
ALSO READ: ബി.സിയിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
പ്രോസസിംഗ് ചെലവുകൾ കുറയ്ക്കാനും ക്യാഷ്, ചെക്ക് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്താനും ഇത് സഹായിക്കും. പ്രത്യേകിച്ചും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങൾക്ക് തങ്ങളുടെ പ്രവർത്തന മൂലധനം അതിവേഗം ലഭ്യമാക്കാൻ ഈ സംവിധാനം ഉപകരിക്കുമെന്ന് യോർക്ക് സർവകലാശാലയിലെ പ്രൊഫസർ ഹെൻറി കിം ചൂണ്ടിക്കാട്ടി. അടിയന്തരമായി പണം കൈമാറുമ്പോൾ സംഭവിക്കാനിടയുള്ള സാമ്പത്തിക തട്ടിപ്പുകൾ തടയാൻ സെൻട്രലൈസ്ഡ് ഫ്രോഡ് സർവീസസ് കാനഡ സജ്ജമാക്കിയിട്ടുണ്ട്. ഇടപാടുകാരന്റെ പേര് ഉറപ്പാക്കൽ, തട്ടിപ്പ് സാധ്യത മുൻകൂട്ടി തടയൽ തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ സംവിധാനത്തിന്റെ ഭാഗമാണ്. തട്ടിപ്പുകൾ കുറയ്ക്കാനും സുരക്ഷിതമായ കൈമാറ്റത്തിനുമായി കാനഡ സ്വീകരിച്ച ഇത്തരം സുരക്ഷാ മുന്നൊരുക്കങ്ങൾ അഭിനന്ദനാർഹമാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ അസോസിയേറ്റ് പ്രൊഫസർ ക്ലെയർ സെലേറിയർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ തടസ്സമില്ലാത്ത പേയ്മെന്റ് സേവനങ്ങൾ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന വെല്ലുവിളി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





