ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ശ്രീലങ്കൻ തമിഴർ, അയൽരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ കുടിയേറ്റക്കാർ, വിദേശ പൗരത്വം നേടിയ ഇന്ത്യൻ വംശജർ എന്നിവർക്ക് ആശ്വാസമേകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാസ്പോർട്ട്, വിസ നിയമങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ‘ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ഭേദഗതി ഉത്തരവ് 2026’ വഴിയാണ് ഈ ഭേദഗതി നടപ്പിലാക്കിയത്.
പുതിയ ഉത്തരവ് പ്രകാരം നേപ്പാളിലേക്കും ഭൂട്ടാനിലേക്കും കര വഴിയോ വിമാനം വഴിയോ യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി പാസ്പോർട്ട് നിർബന്ധമില്ല. കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ കാണിച്ചാൽ മതിയാകും. സമാനമായി ഇന്ത്യയിലേക്ക് വരുന്ന നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്കും ഈ ആനുകൂല്യം ലഭിക്കും.
2015 ജനുവരി 9-ന് മുൻപ് ഇന്ത്യയിലെത്തിയ ശ്രീലങ്കൻ തമിഴ് കുടിയേറ്റക്കാർക്കും ഇളവുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം കാരണം 2024 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു, സിഖ്, ബുദ്ധ, ജെയിൻ, പാഴ്സി, ക്രിസ്ത്യൻ വിഭാഗക്കാർക്ക് പാസ്പോർട്ട് രേഖകളിൽ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ ഇവർ ഇന്ത്യയിൽ തുടരുന്നതിനായി അനുയോജ്യമായ വിസ എടുക്കേണ്ടതുണ്ട്.
ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ സൈനികർക്കും അവരുടെ കുടുംബത്തിനും ഇളവ് ബാധകമാണ്. കൂടാതെ, അറ്റകുറ്റപ്പണികൾക്കായി ഇന്ത്യയിലെത്തുന്ന വിദേശ സൈനിക കപ്പലുകളിലെ ജീവനക്കാർക്കും നിശ്ചിത രേഖകളുണ്ടെങ്കിൽ ഇളവ് ലഭിക്കും.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
ദേശീയ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിനാൽ പാസ്പോർട്ട് പുതുക്കാൻ കഴിയാതെ 2009 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരന്മാർക്കും ഈ നിയമം തുണയാകും. വിഭജന കാലത്ത് പാകിസ്താനിലേക്ക് പോവുകയും 2009-ന് മുൻപ് തിരിച്ചെത്തുകയും ചെയ്ത ചില മുൻ ഇന്ത്യൻ പൗരന്മാർക്കും ഇളവുണ്ട്. മലേഷ്യൻ, സിംഗപ്പൂർ പൗരത്വം നേടി 2009-ന് മുൻപ് കാലാവധി കഴിഞ്ഞ പാസ്പോർട്ടുമായി തിരിച്ചെത്തിയ ഇന്ത്യൻ വംശജർക്കും പുതിയ ഉത്തരവ് വലിയ തണലാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





