മെൽബൺ: വെസ്റ്റേൺ ഓസ്ട്രേലിയയിൽ കൗമാരക്കാരന് നേരെ നടന്ന ക്രൂരമായ ആക്രമണത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 31 സെക്കൻഡ് ദൈർഘ്യമുള്ള ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തെ ശക്തമായി അപലപിച്ച വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് മന്ത്രി റീസ് വിറ്റ്ബി, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി.

പ്രചരിക്കുന്ന വിഡിയോ അനുസരിച്ച്, പുൽത്തകിടിയിൽ വീണുകിടക്കുന്ന കറുത്ത ഹൂഡിയും പാന്റും ധരിച്ച കൗമാരക്കാരനെ ഒരു കൂട്ടം യുവാക്കൾ വട്ടമിട്ടുനിന്ന് മർദിക്കുകയായിരുന്നു. വസ്ത്രത്തിൽ പിടിച്ചുവലിക്കുകയും ജാക്കറ്റ് അഴിച്ചുമാറ്റാൻ ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭയന്നുപോയ കൗമാരക്കാരൻ അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് പാർക്കിലൂടെ നടന്നുപോകാൻ ശ്രമിച്ചെങ്കിലും, പുറകേ ഓടിയെത്തിയ ഒരാൾ ഇയാളെ പിന്നിൽ നിന്ന് ശക്തമായി തള്ളിയിടുകയായിരുന്നു.
നിലത്തടിച്ച് വീണ കുട്ടിയെ മറ്റ് രണ്ട് പേർ ചേർന്ന് തലയ്ക്കും ശരീരത്തിലും ക്രൂരമായി ഇടിക്കുകയും ചവിട്ടുകയും ചെയ്തു. സ്വയം രക്ഷപ്പെടാനായി മുഖം കൈകൾ കൊണ്ട് മറച്ചുപിടിച്ച കൗമാരക്കാരനെ വീണ്ടും വീണ്ടും സംഘം ചേർന്ന് മർദിക്കുകയായിരുന്നു. അക്രമികളിൽ ഒരാളുടെ കൈയിൽ വലിയ കത്തി ഉണ്ടായിരുന്നുവെന്നും, ഇരയായ കുട്ടിയെ നഗ്നനാക്കാൻ സംഘം ആക്രോശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
കുട്ടി വേദന സഹിക്കാനാവാതെ ‘നോ’ എന്ന് നിലവിളിക്കുമ്പോഴും അക്രമികൾ മുഖത്ത് ചവിട്ടുന്നത് തുടരുകയായിരുന്നു. ഈ ഭീകരാവസ്ഥ നടക്കുമ്പോൾ ചുറ്റും കൂടിയ മറ്റു പലരും തടയാൻ ശ്രമിക്കാതെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതിലായിരുന്നു ശ്രദ്ധ എന്ന വിമർശനവും ഉയരുന്നുണ്ട്
ALSO READ: യേശുവിനെ കാണിക്കാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നു; കെനിയൻ പാസ്റ്റർക്ക് 200 വർഷം തടവ്
സംഭവത്തെ ശക്തമായ ഭാഷയിലാണ് വെസ്റ്റേൺ ഓസ്ട്രേലിയൻ പൊലീസ് മന്ത്രി റീസ് വിറ്റ്ബി അപലപിച്ചത്. ഇത്തരം അക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാകില്ലെന്നും സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേസിൽ പൊലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




