പട്ന: പതിനഞ്ചുകാരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബിഹാര്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഔദ്യോഗിക ക്രിക്കറ്റില്‍ ആദ്യമായാണ് താരം നായകസ്ഥാനത്തെത്തുന്നത്.

രഞ്ജി ട്രോഫിയില്‍ ബിഹാറിന്റെ വൈസ് ക്യാപ്റ്റനായും ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായും സൂര്യവംശി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ചെന്നൈയില്‍ നടന്ന ദുലീപ് ട്രോഫി ഫൈനലിനിടെ ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന് കിഷന് താല്‍ക്കാലികമായി കളത്തിന് പുറത്തുപോയപ്പോള്‍ ടീമിനെ നയിച്ചതും സൂര്യവംശിയായിരുന്നു.
നവംബര്‍ ആറിന് ചേര്‍ന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന് സെലക്ഷന് കമ്മിറ്റി യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്. നവംബര്‍ നാലു മുതല്‍ ആറു വരെ നടത്തിയ ട്രയല്‍സിലെ പ്രകടനങ്ങളും താരങ്ങളുടെ മുന്‍കാല മികവും പരിഗണിച്ചാണ് ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്.
ALSO READ: സഞ്ജു സാംസണിന് പകരം വൈഭവ് സൂര്യവംശി? ന്യൂസിലൻഡിനെതിരായ അവസാന ടി20യിൽ മാറ്റങ്ങൾക്ക് സാധ്യത
കഴിഞ്ഞ മാസം ന്യൂസീലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ രണ്ട് ഇന്നിങ്സുകളില്‍ മാത്രമാണ് സൂര്യവംശിക്ക് അവസരം ലഭിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അഭിഷേക് ശര്‍മയ്ക്കൊപ്പം നടത്തിയ വെടിക്കെട്ട് കൂട്ടുകെട്ടിലൂടെ ആദ്യ ആറോവറില്‍ ഇന്ത്യ 118 റണ്‍സ് നേടിയിരുന്നു. പുരുഷ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്.
ഇതുവരെ 44 ടി20 മത്സരങ്ങള്‍ കളിച്ച സൂര്യവംശി ഏഴെണ്ണത്തിലാണ് ബിഹാറിനായി ഇറങ്ങിയത്. കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ മഹാരാഷ്ട്രയ്ക്കെതിരെ 61 പന്തില്‍ പുറത്താകാതെ 108 റണ്‍സ് നേടിയിരുന്നു.
നവംബര്‍ 14-ന് ഇന്‍ഡോറില്‍ സൗരാഷ്ട്രയ്ക്കെതിരെയാണ് ബിഹാറിന്റെ ടൂര്‍ണമെന്റിലെ ആദ്യ മത്സരം. രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടത്തില്‍ കളിച്ച നാലു മത്സരങ്ങളിലും തോറ്റ ബിഹാറിന് പുതിയ നായകന്റെ കീഴില്‍ തിരിച്ചുവരാനാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Vaibhav Suryavanshi Named Bihar Captain at 15’




