കോഴിക്കോട്: ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണ നിധിയായി ഫിഫ പുറത്തിറക്കിയ അത്യപൂർവ്വ ചാമ്പ്യൻഷിപ്പ് മോതിരം സ്വന്തമാക്കി കോഴിക്കോട് മുക്കം സ്വദേശി സുകുമാരൻ ഇരുൾകുന്നുമ്മൽ. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ ആരാധകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1,996 പേരുടെ ഭാഗ്യവാൻമാരുടെ പട്ടികയിലേക്കാണ് ഈ മലയാളി കായികപ്രേമി ഇടംനേടിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക പട്ടികയിലെ കൃത്യം 100-ാമത്തെ മോതിരമാണ് സുകുമാരന്റെ കൈകളിൽ എത്തിച്ചേർന്നിട്ടുള്ളത്.
ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ആകെ 2,026 പ്രത്യേക മോതിരങ്ങളാണ് ലോകത്ത് നിർമ്മിക്കപ്പെട്ടത്. ഇതിൽ 30 എണ്ണം കിരീടം ചൂടിയ സ്പെയിൻ താരങ്ങൾക്കാണ് നൽകിയത്. ബാക്കി വന്ന 1,996 മോതിരങ്ങൾ ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിച്ച ആരാധകർക്കായി മാറ്റിവെക്കുകയായിരുന്നു. വയനാട് സ്വദേശിയും ഫിഫ ഒഫീഷ്യലുമായ അമൽ ഒ.ജെ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുകുമാരന് ഈ അപൂർവ്വ അംഗീകാരം തേടിയെത്തിയത്.
സ്വിറ്റ്സർലൻഡിലെ പ്രമുഖ ജ്വല്ലറി നിർമ്മിച്ച ഈ മോതിരം 18-കാരറ്റ് സ്വർണ്ണത്തിലാണ് തീർത്തിരിക്കുന്നത്. ഇതിൽ 89 ഡയമണ്ടുകളും 36 നീല സഫയറുകളും അതീവ കൃത്യതയോടെ പതിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ട്രോഫിയുടെ മാതൃകയും സ്പെയിൻ പതാകയുടെ അടയാളങ്ങളും പതിപ്പിച്ച ഈ മോതിരത്തിന് ഏകദേശം പത്തു ലക്ഷത്തോളം രൂപ അടിസ്ഥാന വിലവരുമെങ്കിലും, ഇതിന്റെ ചരിത്രപരമായ പ്രത്യേകത കാരണം ഭാവിയിൽ ഒന്നരക്കോടി രൂപ വരെ മൂല്യം ഉയർന്നേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ആദ്യം പ്രശസ്തി ആഗ്രഹിക്കാത്തതിനാൽ വിവരം പുറത്തുവിട്ടിരുന്നില്ലെങ്കിലും സുഹൃത്ത് ജയേഷിന്റെ നിർബന്ധപ്രകാരമാണ് സുകുമാരൻ ഈ സന്തോഷം പുറംലോകത്തെ അറിയിച്ചത്. മുൻപും ഫുട്ബോൾ ലോകത്തെ പ്രധാന നിധികൾ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് സുകുമാരൻ. 2018 ലെ റഷ്യൻ ലോകകപ്പ് ഫൈനൽ, 2022 ലെ ഖത്തർ ലോകകപ്പ് ഫൈനൽ, ന്യൂയോർക്കിലെ ലോകകപ്പ് ഫൈനൽ എന്നിവയിൽ ഉപയോഗിച്ച ഔദ്യോഗിക മാച്ച് പന്തുകൾ ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ സ്വീകരണമുറിയിലെ അമൂല്യ ശേഖരത്തിലുണ്ട്.
കാൽപ്പന്ത് കളിയോടുള്ള മലബാറിന്റെ അടങ്ങാത്ത പ്രണയത്തിന് ഫിഫ നൽകിയ സുവർണ്ണാദരമായാണ് കായിക ലോകം ഈ നേട്ടത്തെ നോക്കിക്കാണുന്നത്. ഫിഫയുടെ ഈ അപൂർവ്വ മോതിരം വിരലിലണിയാൻ സാധിച്ചതോടെ ലോക ഫുട്ബോൾ ഭൂപടത്തിൽ കോഴിക്കോടിന്റെ പേര് ഒരിക്കൽ കൂടി സുവർണ്ണ ലിപികളിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





