ലോങ്ഗ്യൂയിൽ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്ത് രണ്ടാഴ്ചയ്ക്കിടെ തങ്ങളുടെ രണ്ടാമത്തെ ബഹിരാകാശ നടത്തം (സ്പേസ് വാക്ക്) വിജയകരമായി പൂർത്തിയാക്കി കനേഡിയൻ സഞ്ചാരി ജോഷ്വ കുത്രികും ഇന്ത്യൻ വംശജനായ നാസ സഞ്ചാരി അനിൽ മേനോനും. വ്യാഴാഴ്ച രാവിലെയോടെയാണ് നിലയത്തിന്റെ സൗരോർജ്ജ ശേഷി വർധിപ്പിക്കുന്നതിനുള്ള പുതിയ പാനലുകൾ സ്ഥാപിക്കാൻ ഇരുവരും നിലയത്തിന് പുറത്തിറങ്ങിയത്.

ബഹിരാകാശ നിലയത്തിന്റെ വൈദ്യുതോൽപാദനം വർധിപ്പിക്കുന്നതിനായി സോളാർ പാനലുകൾ ഘടിപ്പിക്കുകയായിരുന്നു ഇരുവരുടെയും പ്രധാന ദൗത്യം. നിലയത്തിന്റെ ഘടനാപരമായ നട്ടെല്ലായ ട്രസ്സിന് (Truss) വലതുവശത്തായി എട്ടാമത്തെയും അവസാനത്തെയും സൗരോർജ്ജ പാനൽ സ്ഥാപിക്കുന്ന അതീവ സങ്കീർണ്ണമായ ജോലിയാണ് ഇരുവരും ചേർന്ന് പൂർത്തിയാക്കിയത്.
കഴിഞ്ഞ ഒക്ടോബർ 29-നായിരുന്നു ജോഷ്വ കുത്രിക്കിന്റെ ആദ്യ ബഹിരാകാശ നടത്തം. ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കനേഡിയൻ പൗരനാണ് കുത്രിക്. അന്നും അനിൽ മേനോനൊപ്പം ചേർന്നാണ് കുത്രിക് ദൗത്യം പൂർത്തിയാക്കിയത്. അനിൽ മേനോന്റെ അഞ്ചാമത്തെ ബഹിരാകാശ നടത്തമാണിത്.
2021-ൽ ആരംഭിച്ച ഈ സൗരോർജ്ജ പാനൽ നവീകരണ പദ്ധതി പൂർത്തിയാകുന്നതോടെ ബഹിരാകാശ നിലയത്തിന്റെ വൈദ്യുതോൽപാദന ശേഷി 30 ശതമാനത്തോളം വർധിക്കുമെന്ന് കനേഡിയൻ ബഹിരാകാശ ഏജൻസി (CSA) അറിയിച്ചു. കാനഡയുടെ അഭിമാന റോബോട്ടിക് കൈയായ ‘കാനഡാം 2’ (Canadarm2) ഉപയോഗിച്ചാണ് ഭീമൻ സോളാർ പാനലുകൾ കൃത്യമായ സ്ഥാനത്തേക്ക് നീക്കിയത്.
ALSO READ: ബഹിരാകാശത്തുനിന്ന് ഭൂമിയെ കണ്ടു; ജീവിതക്കാഴ്ചപ്പാട് മാറിയെന്ന് ജോഷ്വ ക്യൂട്രിക്
ഹൂസ്റ്റണിലെ നാസ കൺട്രോൾ റൂമിൽനിന്ന് കനേഡിയൻ ബഹിരാകാശ സഞ്ചാരി ജെന്നി ഗിബ്ബൺസ് ഉൾപ്പെടെയുള്ള വിദഗ്ധ സംഘമാണ് ഇവർക്ക് ഗ്രൗണ്ട് സപ്പോർട്ട് നൽകിയത്. ഒക്ടോബർ ഒന്നിനാണ് ആറുമാസത്തെ ദൗത്യത്തിനായി കുത്രിക്കും അനിൽ മേനോനും അടങ്ങുന്ന സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Joshua Kutryk Completes Second Spacewalk’




