ടൊറന്റോ: ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡിനും അദ്ദേഹത്തിന്റെ ഭരണശൈലിക്കുമെതിരെ ശക്തമായ ബദലാകാൻ ഉറച്ച് ലിബറൽ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്ന നാല് പ്രമുഖ സ്ഥാനാർത്ഥികൾ. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിൽ നവ്ദീപ് ബെയിൻസ്, സ്റ്റെഫാനി ബോമാൻ, ലീ ഫെയർക്ലോ, ഡിലൻ മരാൻഡോ എന്നിവർ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലിബറൽ പാർട്ടിയെ അടിത്തട്ടിൽ നിന്ന് പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം പ്രവിശ്യ നേരിടുന്ന സാമ്പത്തിക, ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുമെന്നും ഇവർ ഉറപ്പുനൽകുന്നു.
ടിവിഒ ടുഡേ ലൈവ് അവതാരകൻ സ്റ്റീവ് പൈക്കിൻ നയിച്ച സംവാദത്തിൽ മിക്ക വിഷയങ്ങളിലും സ്ഥാനാർത്ഥികൾ സമാന നിലപാടുകളാണ് സ്വീകരിച്ചതെങ്കിലും നികുതി വർദ്ധനവിൻ്റെ കാര്യത്തിൽ ഭിന്നത പ്രകടമായി. പ്രവിശ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ജീവിതച്ചെലവ് വർദ്ധനവിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിൽ നികുതി വർദ്ധിപ്പിക്കില്ലെന്ന് നവ്ദീപ് ബെയിൻസും സ്റ്റെഫാനി ബോമാനും വ്യക്തമാക്കി. ജനങ്ങളുടെ മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ മുനിസിപ്പാലിറ്റികളുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനായി നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് ലീ ഫെയർക്ലോ വാദിക്കുന്നത്. പ്രതിവർഷം 50,000 ഡോളറിൽ താഴെ വരുമാനമുള്ള ചെറുപ്പക്കാരായ തൊഴിലാളികളെ വ്യക്തിഗത ആദായനികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ഡിലൻ മരാൻഡോ, വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് കൂടുതൽ നികുതി ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും അഭിപ്രായപ്പെട്ടു.
ALSO READ: വീടുകളിൽ ഇനി തപാൽ എത്തില്ല; ജി.ടി.എയിൽ പുതിയ വിതരണ സംവിധാനവുമായി കാനഡ പോസ്റ്റ്
മൊത്തത്തിൽ പ്രവിശ്യയിലെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ആരോഗ്യമേഖലയുടെ സമഗ്രമായ പരിഷ്കരണത്തിനും മുൻഗണന നൽകുമെന്നാണ് സ്ഥാനാർത്ഥികളുടെ വാഗ്ദാനം. അനാവശ്യ പ്രഖ്യാപനങ്ങൾ നടത്താതെ ഗൗരവകരമായ രാഷ്ട്രീയ സമീപനത്തിലൂടെ ഒന്റാറിയോയിലെ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലിബറൽ നേതൃത്വം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





