ചായ, ബ്രെഡ്, കുക്കികൾ, ചിപ്സ് തുടങ്ങി വെള്ളത്തിൽ വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന അവകാശവാദവുമായി ഉൽപ്പന്നങ്ങൾ വിപണിയിലെത്തുകയാണ്. പ്രോട്ടീൻ സമ്പുഷ്ടമെന്ന പേരിൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ യഥാർഥത്തിൽ അവ ആരോഗ്യത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഹെൽത്ത് കോച്ചുമായ റയാൻ ഫെർണാണ്ടോ (Ryan Fernando).
ഒരു ഉൽപ്പന്നത്തിന്റെ പാക്കറ്റിൽ പ്രോട്ടീൻ എന്ന് രേഖപ്പെടുത്തിയതുകൊണ്ട് മാത്രം അത് ആരോഗ്യകരമായ ഭക്ഷണമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ‘പ്രോട്ടീൻ ഹാലോ എഫക്റ്റ്’ (Protein Halo Effect) എന്ന ഈ പ്രവണതയിൽ ഉപഭോക്താക്കൾ വീഴരുതെന്നും അദ്ദേഹം നിർദേശിക്കുന്നു.
ALSO READ: പല്ലുവിൽ വിഷ്ണുപാദം, സാരിയിലുടനീളം ‘ശ്രീറാം’; നീത അംബാനിയുടെ ദീപാവലി ലുക്ക് ശ്രദ്ധനേടുന്നു
യാത്രയ്ക്കിടയിലോ തിരക്കുള്ള സമയങ്ങളിലോ പാക്കറ്റ് പ്രോട്ടീൻ സ്നാക്കുകൾ ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്. എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നാല് കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് റയാൻ ഫെർണാണ്ടോ പറയുന്നത്.
ചേരുവകൾ പരിശോധിക്കണം: പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന കാരണത്താൽ മാത്രം ഒരു ഉൽപ്പന്നം തിരഞ്ഞെടുക്കരുത്. അതിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് ചേരുവകൾ എന്തൊക്കെയാണെന്നും അവയുടെ അളവ് എത്രയാണെന്നും പരിശോധിക്കണം.
പഞ്ചസാരയുടെയും കലോറിയുടെയും അളവ് ശ്രദ്ധിക്കണം: രുചി വർധിപ്പിക്കാൻ ചില പ്രോട്ടീൻ ഉൽപ്പന്നങ്ങളിൽ അമിതമായി പഞ്ചസാരയും കൊഴുപ്പും ചേർക്കാറുണ്ട്. അതിനാൽ പ്രോട്ടീന്റെ അളവ് മാത്രം നോക്കാതെ പഞ്ചസാരയുടെയും കലോറിയുടെയും വിവരങ്ങളും പരിശോധിക്കണം.
പ്രോട്ടീന്റെ അളവ് ഉറപ്പാക്കണം: ഉൽപ്പന്നത്തിൽ യഥാർഥത്തിൽ എത്ര ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ലേബലിൽ നോക്കണം. പ്രോട്ടീൻ എന്ന പേര് ഉപയോഗിച്ച് വിപണനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളിലും ആവശ്യമായ അളവിൽ പ്രോട്ടീൻ ഉണ്ടാകണമെന്നില്ല.
സാധാരണ ഭക്ഷണത്തിന് പകരമാക്കരുത്: പാക്കറ്റ് പ്രോട്ടീൻ സ്നാക്കുകൾക്ക് സ്വാഭാവിക ഭക്ഷണങ്ങളുടെയും സമീകൃതാഹാരത്തിന്റെയും സ്ഥാനം ഏറ്റെടുക്കാനാകില്ല. ഇവയെ ദൈനംദിന ഭക്ഷണത്തിന്റെ പകരക്കാരായി കാണാതെ ആവശ്യാനുസരണം മാത്രം ഉപയോഗിക്കണം.
പ്രോട്ടീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പരസ്യങ്ങളിലെയും പാക്കറ്റുകളിലെയും അവകാശവാദങ്ങൾ മാത്രം വിശ്വസിക്കാതെ പോഷകവിവരങ്ങൾ പരിശോധിക്കണമെന്നതാണ് പ്രധാന നിർദേശം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





