ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ പോർച്ചുഗലിന്റെ അണ്ടർ 17 ദേശീയ ടീമിൽ ഇടംനേടി. മുൻപ് പോർച്ചുഗലിന്റെ അണ്ടർ 15, അണ്ടർ 16 ടീമുകൾക്കായി ബൂട്ടണിഞ്ഞ താരം മികച്ച പ്രകടനത്തിലൂടെയാണ് അണ്ടർ 17 സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റൊണാൾഡോ നിലവിൽ കളിക്കുന്ന സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന്റെ യൂത്ത് ടീമിലെ പ്രധാന താരം കൂടിയാണ് പതിനാലുകാരനായ ക്രിസ്റ്റ്യാനോ ജൂനിയർ.
2025 മേയിൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ക്രിസ്റ്റ്യാനോ ജൂനിയർ അണ്ടർ 15, 16 വിഭാഗങ്ങളിലായി ഇതുവരെ 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് അഞ്ച് ഗോളുകളും താരം സ്വന്തമാക്കി. യൂറോപ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ റൗണ്ട് മത്സരങ്ങൾ മുന്നിൽ കണ്ടാണ് ഇപ്പോൾ താരത്തെ പോർച്ചുഗൽ ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.
യോഗ്യതാ റൗണ്ടിൽ നവംബർ 11-ന് അൻഡോറയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ ആദ്യ പോരാട്ടം. തുടർന്ന് നവംബർ 14-ന് ബൾഗേറിയയെയും നവംബർ 17-ന് സെർബിയയെയും ടീം നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് മാത്രമേ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിക്കൂ എന്നതിനാൽ പോർച്ചുഗലിന് ഈ മത്സരങ്ങൾ ഏറെ നിർണായകമാണ്.
ALSO READ: കാനഡയിലെ ‘നൈറ്റ്ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്
അതേസമയം, മകന്റെ ഫുട്ബോൾ കരിയറിനെക്കുറിച്ച് റൊണാൾഡോ നേരത്തെ തന്നെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അവൻ മികച്ച രീതിയിൽ ഡ്രിബിൾ ചെയ്യുന്ന വേഗതയുള്ള കളിക്കാരനാണെങ്കിലും മികച്ചൊരു പ്രൊഫഷണൽ ഫുട്ബോളറാകാൻ കഠിനാധ്വാനവും അർപ്പണബോധവും അത്യാവശ്യമാണെന്ന് റൊണാൾഡോ പറഞ്ഞു. മകനെ ഫുട്ബോളറാകാൻ നിർബന്ധിക്കില്ലെന്നും ഏത് മേഖല തിരഞ്ഞെടുത്താലും ഏറ്റവും മികച്ച നിലയിലെത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




