ഭൂമിക്ക് മുകളിൽ അതിരഹസ്യമായി വലംവെക്കുന്ന ചൈനയുടെ റോബോട്ടിക് സ്പേസ് പ്ലേൻ ‘ഷെൻലോംഗ്’ (Shenlong – ദിവിൻ ഡ്രാഗൺ) ഒടുവിൽ ക്യാമറയിൽ കുടുങ്ങി. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയാണ് (DIA) ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ബഹിരാകാശത്ത് ഇതുവരെ ആരും കാണാത്ത പല രഹസ്യങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഈ പേടകത്തിന്റെ പുതിയ ദൃശ്യങ്ങൾ ശാസ്ത്രലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

മാക്സാർ ടെക്നോളജീസ് 2024-ൽ ഒരു സാറ്റലൈറ്റിൽ നിന്ന് 90 കിലോമീറ്റർ അകലെവച്ച് പകർത്തിയതാണ് ഈ അപൂർവ്വ ചിത്രം. ഒരു പിക്സലിന് 4.5 സെന്റിമീറ്റർ വ്യക്തതയുള്ള ചിത്രത്തിൽ, ഷെൻലോംഗ് മറ്റൊരു ഉപഗ്രഹവുമായി ബന്ധിപ്പിച്ചിരിക്കുന്നതും പേടകത്തിന്റെ പുറകു വശത്തുള്ള പേലോഡ് ഡോർ തുറന്ന നിലയിലുമാണുള്ളത്. ഇതിന്റെ സോളാർ പാനലുകൾ പ്രവർത്തിക്കുന്നതും വ്യക്തമായി കാണാം.
ഏകദേശം 26 അടി നീളമുള്ള ഈ പുനരുപയോഗ ബഹിരാകാശ വിമാനം അമേരിക്കയുടെ ബോയിംഗ് കമ്പനി നിർമ്മിച്ച X-37B പേടകത്തിന് സമാനമായ ഡിസൈനാണ് പിന്തുടരുന്നത്. സാധാരണ റോക്കറ്റിന്റെ സഹായത്തോടെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും, ദൗത്യത്തിന് ശേഷം സാധാരണ വിമാനം പോലെ ഭൂമിയിലെ റൺവേയിൽ തിരിച്ചിറങ്ങുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇതിന്റേത്.
കഴിഞ്ഞ ആറ് വർഷത്തോളമായി പ്രവർത്തിക്കുന്ന ഈ പേടകം ഇതിനോടകം പലതവണ ആകാശത്ത് നിഗൂഢ വസ്തുക്കൾ വിക്ഷേപിച്ചത് അമേരിക്കയ്ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഉപഗ്രഹങ്ങളെ നശിപ്പിക്കാനോ അല്ലെങ്കിൽ പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാനോ വേണ്ടിയാണ് ചൈന ഇത്തരം വസ്തുക്കൾ ബഹിരാകാശത്ത് നിക്ഷേപിക്കുന്നതെന്നാണ് യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ALSO READ: കാനഡയിലെ ‘നൈറ്റ്ലൈഫ്’ നഗരങ്ങളിൽ ഒന്നാമത് ലണ്ടൻ തന്നെ ; ഊബർ സർവേ റിപ്പോർട്ട് പുറത്ത്
ഈ വർഷം ഫെബ്രുവരി 7-നാണ് ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ലോംഗ് മാർച്ച് 2F റോക്കറ്റ് ഉപയോഗിച്ച് ഷെൻലോംഗ് ഇതിന്റെ നാലാമത്തെ ദൗത്യത്തിനായി വിക്ഷേപിച്ചത്. പേടകത്തെക്കുറിച്ച് ചൈന ഇതുവരെ ഔദ്യോഗിക വിവരങ്ങളോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹെവൻസ് എബൗവിലെ വിവരങ്ങൾ ഉദ്ധരിച്ച് സ്പേസ്.കോം വ്യക്തമാക്കുന്നത് അനുസരിച്ച് ഈ ആഴ്ച നവംബർ 3-ന് ഡെൻവറിലും, നവംബർ 5, 6 തീയതികളിൽ ലോസ് ആഞ്ചലസിലും പുലർച്ചെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കിയാൽ ഈ ചൈനീസ് പേടകം കാണാൻ സാധിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




