നോവസ്കോഷ്യ : ഹാലിഫാക്സ് നഗരസഭ 2026-2030 കാലയളവിലേക്കുളള പദ്ധതികൾക്കായി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടുന്നു.പ്രത്യേകിച്ചും സാമ്പത്തിക വെല്ലുവിളികൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ജനങ്ങളുടെ മുൻഗണനകൾ പദ്ധതിയിൽ പ്രതിഫലിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
സാമ്പത്തിക വളർച്ച സാധ്യമാക്കൽ, സമൂഹങ്ങളെ ശക്തിപ്പെടുത്തൽ, ഗതാഗത മേഖല മെച്ചപ്പെടുത്തൽ എന്നീ മൂന്ന് പ്രധാന മേഖലകളിലാണ് കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൽ ഭവന നിർമ്മാണം വർദ്ധിപ്പിക്കൽ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അടിയന്തിര നടപടികൾ മെച്ചപ്പെടുത്തൽ, പൊതുഗതാഗതം വികസിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുന്നു.
പൊതുജനങ്ങളുടെ പ്രതികരണം ഫണ്ട് വിതരണത്തിലും സേവനങ്ങളിലും മാറ്റങ്ങൾക്ക് കാരണമാകും. നികുതി വർദ്ധിപ്പിക്കാതെ തുടരാനുള്ള മേയറുടെയും കൗൺസിലിന്റെയും തീരുമാനം മുൻഗണനകളിൽ മാറ്റം വരുത്താത്ത പക്ഷം കൂടുതൽ സേവന വെട്ടിക്കുറയ്ക്കലുകൾക്ക് വഴിവെക്കാം. 2024-ലെ സർവേ പ്രകാരം വെറും 60 ശതമാനം നിവാസികൾ മാത്രമാണ് നിലവിലെ മുനിസിപ്പൽ സേവനങ്ങളിൽ സംതൃപ്തരായിട്ടുള്ളത്.
“ഒരു നഗരം എന്ന നിലയിൽ നമ്മുടെ വളർച്ചയ്ക്കും ഭാവിക്കും ജനങ്ങളുടെ അഭിപ്രായങ്ങൾ അത്യന്താപേക്ഷിതമാണ്. ഇപ്പോൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളുടെ മുൻഗണനകൾ മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം,” എന്ന് ഹാലിഫാക്സ് മേയർ പറഞ്ഞു. അന്തിമ തീരുമാനം ഈ വേനൽക്കാലത്ത് ഉണ്ടാകുമെന്നും 2026 ഏപ്രിലിൽ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






