അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്ലർ പാർട്ടി Deux’- ലെ പ്രണയാതുരമായ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. യുവതാരം നസ്ലൻ അവതരിപ്പിക്കുന്ന സോണി എന്ന കഥാപാത്രത്തിന്റെ നെഞ്ചിൽ ചേർന്നിരിക്കുന്ന ഹൻസിക കൃഷ്ണകുമാറിന്റെ (കരോൾ) ചിത്രമാണ് പുതിയ പോസ്റ്ററിലുള്ളത്. ചിത്രം വരുന്ന നവംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ സൂപ്പർഹിറ്റ് ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. 14 വർഷങ്ങൾക്ക് ശേഷം തികച്ചും ‘ജെൻ-സി’ (Gen-Z) വൈബിലാണ് രണ്ടാം വരവ്. ഫ്രഞ്ച് ഭാഷയിൽ ‘Deux’ എന്നാൽ ‘രണ്ട്’ എന്നും ‘അവരെക്കുറിച്ച്’ എന്നുമാണ് അർത്ഥമാക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ ഫസ്റ്റ് ലുക്ക് പോസ്റ്ററും പാട്ടുകളും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
യങ് ജനറേഷൻ താരങ്ങളെയും മുൻനിര അഭിനേതാക്കളെയും അണിനിരത്തി വൻ താരനിരയോടെയാണ് അമൽ നീരദ് ഇത്തവണ എത്തുന്നത്. നസ്ലൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, പാരിസ് ലക്ഷ്മി, ഹൻസിക തുടങ്ങി വമ്പൻ നിരതന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. ക്രിസ്റ്റോ സേവ്യർ സംഗീതവും ഉണ്ണി ആർ. സംഭാഷണവും ഒരുക്കുന്നു. റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




