ദുബായ്: ഹോർമുസ് കടലിടുക്കിൽ 27 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ വൻ ആക്രമണം. പനാമയുടെ പതാക ഘടിപ്പിച്ച ‘എംടി ലൂയിസ് 1’ (MT LOUISE 1) എന്ന കപ്പലിന് നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. കപ്പലിന്റെ അടിഭാഗത്ത് ചെറിയ ബോട്ടിലെത്തിയ സംഘം രണ്ട് ലിംപറ്റ് മൈനുകൾ ഒട്ടിച്ചുവെച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒമാന്റെ ഖസബിൽ നിന്ന് 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ (UKMTO) വ്യക്തമാക്കി.
സ്ഫോടനത്തെ തുടർന്ന് കപ്പലിന്റെ എഞ്ചിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്ക്കുകയും ചെയ്തു. എന്നാൽ ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിലൂടെ തീ വേഗത്തിൽ അണയ്ക്കാനായി. സ്ഫോടനം മൂലം കടലിൽ എണ്ണച്ചോർച്ചയോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ ഉണ്ടായിട്ടില്ലെന്നും കപ്പൽ സുരക്ഷിതമായി യാത്ര തുടർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ അമേരിക്കയും ഇറാനും തമ്മിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം ഈ കടൽപ്പാതയിൽ ആദ്യമായാണ് ലിമ്പറ്റ് മൈനുകൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത്.
കപ്പലിലുണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ ഉറപ്പുനൽകി. ഒരു ദിവസം മുൻപ് രണ്ട് ഇന്ത്യൻ പൗരന്മാരുമായി സഞ്ചരിച്ച ‘എംടി അർസാന’ എന്ന ലൈബീരിയൻ എണ്ണക്കപ്പലിന് നേരെയും പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടായിരുന്നു. രണ്ട് കപ്പലുകളിലുമായുള്ള 29 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോണോവാൾ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഷിപ്പിംഗ് കമ്പനികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വില കുറഞ്ഞതും പെട്ടെന്ന് ലഭ്യമാകുന്നതുമായ ലിംപറ്റ് മൈനുകൾ ചെറിയ ബോട്ടുകളിൽ എത്തിയ ശേഷം കപ്പലിന്റെ അടിഭാഗത്ത് ഒട്ടിച്ചുവെച്ച് സ്ഫോടനം നടത്തുന്ന രീതി ചെലവ് കുറഞ്ഞതും എന്നാൽ ഏറെ പ്രഹരശേഷിയുള്ളതുമാണെന്ന് ഗ്രീസ് അധിഷ്ഠിത മാരിടൈം റിസ്ക് മാനേജ്മെന്റ് ഗ്രൂപ്പായ ‘മാരിസ്ക്സ്’ അറിയിച്ചു. 2017-ലാണ് ഈ മേഖലയിൽ ഇത്തരം മൈനുകൾ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് വന്ന വർഷങ്ങളിൽ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് നേരെ ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു.
ഹോർമുസ് പാതയിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ തങ്ങളുടെ നിയന്ത്രണങ്ങൾ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇറാൻ വ്യാപകമായി കപ്പലുകളെ ലക്ഷ്യമിടുന്നുണ്ട്. വാഷിംഗ്ടണിന്മേൽ സമ്മർദ്ദം ശക്തമാക്കുന്നതിനും മേഖലയിലെ തങ്ങളുടെ അധീശത്വം ഉറപ്പിക്കുന്നതിനുമായാണ് ഇറാൻ കടൽപ്പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ഫെബ്രുവരിയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ വ്യാപാരക്കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് വെള്ളിയാഴ്ച ഉണ്ടായ സ്ഫോടനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




