കാസ്ട്രീസ് : യൂറോപ്യൻ യൂണിയന്റെ സമ്മർദ്ദത്തെത്തുടർന്ന് വിദേശികൾക്ക് പണം വാങ്ങി പൗരത്വം നൽകുന്ന പദ്ധതി ആന്റിഗ്വ ആന്റ് ബാർബുഡ അവസാനിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്തിന് വലിയ വരുമാനം നേടിത്തരുന്ന ഈ പദ്ധതി നിർത്തലാക്കുന്നത് സാമ്പത്തിക അടിത്തറയെത്തന്നെ ബാധിക്കുമെന്നും കരീബിയൻ മേഖലയിലെ ‘ഗോൾഡൻ പാസ്പോർട്ട്’ പദ്ധതികളുടെ ഭാവിതന്നെ ചോദ്യചിഹ്നമാക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
രാജ്യത്ത് വൻതോതിൽ വിദേശ നിക്ഷേപമെത്തിക്കുന്ന ‘സിറ്റിസൺഷിപ്പ് ബൈ ഇൻവെസ്റ്റ്മെന്റ്’ (CBI) പദ്ധതി 2028 ജൂൺ ഒന്നിനകം പൂർണമായി ഘട്ടംഘട്ടമായി അവസാനിപ്പിക്കാൻ ഇയു ആന്റിഗ്വയ്ക്കും മറ്റ് നാല് കരീബിയൻ രാജ്യങ്ങൾക്കും നവംബർ 12 വരെ സമയപരിധി നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം അംഗീകരിക്കാൻ രാജ്യം നിർബന്ധിതമാകുമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്തമാക്കിക്കഴിഞ്ഞു. വിസയില്ലാതെ യൂറോപ്പിലെ ‘ഷെൻഗെൻ’ മേഖലയിലേക്ക് പ്രവേശനം ലഭിക്കുമെന്നതാണ് കരീബിയൻ പാസ്പോർട്ടുകളുടെ പ്രധാന ആകർഷണം. എന്നാൽ മതിയായ യോഗ്യത പരിശോധനകളില്ലാതെ നൽകുന്ന ഈ പൗരത്വം സുരക്ഷാ ഭീഷണിയാണെന്നാണ് യൂറോപ്യൻ യൂണിയന്റെ വിലയിരുത്തൽ.
കുറഞ്ഞത് രണ്ട് ലക്ഷം ഡോളർ പ്രാദേശിക പദ്ധതികളിലോ സർക്കാർ ഫണ്ടിലോ നിക്ഷേപിക്കുന്ന വിദേശികൾക്ക് അവിടെ താമസിക്കാതെ തന്നെ കരീബിയൻ രാജ്യങ്ങൾ പൗരത്വം നൽകിവന്നിരുന്നു. ചൈന, റഷ്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ധനികരാണ് ഇത് പ്രധാനമായും പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാൽ പദ്ധതി നിർത്തലാക്കുകയോ വിസ രഹിത പ്രവേശനം റദ്ദാക്കപ്പെടുകയോ ചെയ്താൽ ഇത്തരം പാസ്പോർട്ടുകളുടെ മൂല്യം ഇടിയുകയും, പാസ്പോർട്ട് വിൽപന വഴി ലഭിക്കുന്ന തുക കൊണ്ട് നിർമിക്കുന്ന വൻകിട ഹോട്ടലുകൾ അടക്കമുള്ള ടൂറിസം പദ്ധതികൾ നിർത്തിവെക്കേണ്ടി വരികയും ചെയ്യും.
ആന്റിഗ്വ സർക്കാരിന്റെ നികുതിയേതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് ഈ പദ്ധതി. 2025-ൽ മാത്രം 5.8 കോടി ഡോളറാണ് പദ്ധതിയിലൂടെ സർക്കാർ ഖജനാവിലെത്തിയത്. 2026-ൽ 4.44 കോടി ഡോളറാണ് ലക്ഷ്യമിട്ടിരുന്നത്. പദ്ധതി പെട്ടെന്ന് അവസാനിപ്പിക്കുന്നത് രാജ്യത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പ്രതീക്ഷിച്ച മിച്ച വരുമാനത്തിന്റെ പകുതിയിലധികവും ഇല്ലാതാക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ദി വെസ്റ്റ് ഇൻഡീസ് ഡയറക്ടർ സി. ജസ്റ്റിൻ റോബിൻസൺ ചൂണ്ടിക്കാട്ടുന്നു.
ആന്റിഗ്വയെ കൂടാതെ ഡൊമിനിക്ക, ഗ്രനേഡ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ എന്നീ രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ജി.ഡി.പിയുടെ 10 ശതമാനത്തിലധികം പൗരത്വ വിൽപനയിലൂടെ കണ്ടെത്തുന്ന സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, ഡൊമിനിക്ക തുടങ്ങിയ രാജ്യങ്ങൾക്ക് ഈ മാറ്റം കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. മുൻപ് സമാനമായ ആശങ്കകളെത്തുടർന്ന് വനൗട്ടു എന്ന ദ്വീപുരാഷ്ട്രത്തിനുള്ള വിസ രഹിത പ്രവേശനം യൂറോപ്യൻ യൂണിയൻ റദ്ദാക്കിയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





