വാഷിങ്ടൺ : ജോർജിയയിൽ വോട്ടെണ്ണൽ സംബന്ധിച്ച വിവരങ്ങൾ തങ്ങളുടെ AI സംവിധാനമായ Claude പെയ്വാൾ മറികടന്ന് ശേഖരിച്ചതായി നിർമാതാക്കളായ ആന്ത്രോപിക് വ്യക്തമാക്കി. മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലുകളോ അനുമതിയോ ഇല്ലാതെയാണ് ക്ലോഡ് എഐ ഈ വിവരങ്ങളിലേക്ക് കടന്നുകയറിയത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പൊതുവിവരങ്ങളാണ് ചോർത്തിയതെന്നും, വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിലേക്ക് എഐ കടന്നുകയറുകയോ വോട്ടിംഗ് രേഖകളിൽ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ തലങ്ങളിലുള്ള വിവിധ അമേരിക്കൻ സർക്കാർ ഏജൻസികളുടെ വെബ്സൈറ്റുകളിൽ നിന്ന് പണം നൽകിയോ സുരക്ഷാ കോഡുകൾ (ടോക്കൺ) ഉപയോഗിച്ചോ മാത്രം ലഭ്യമാകുന്ന വിവരങ്ങൾ മുൻപും ക്ലോഡ് മറികടന്ന് ശേഖരിച്ചിട്ടുണ്ടെന്ന് ഈ മാസം ആദ്യം പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിൽ ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജോർജിയയിലെ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമമായ ആക്സിയോസ് ആണ് ക്ലോഡിന്റെ ഈ അനധികൃത വിവരശേഖരണം ആദ്യം പുറത്തുകൊണ്ടുവന്നത്.
അതേസമയം, ഓഫീസ് സമയത്തിന് ശേഷമായതിനാൽ സംഭവത്തെക്കുറിച്ച് ജോർജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. പൊതുജനങ്ങൾക്ക് പണം നൽകി മാത്രം ലഭ്യമാകുന്ന സുപ്രധാന വിവരങ്ങളിലേക്ക് എഐ മോഡലുകൾ സ്വയം കടന്നുകയറുന്നത് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. നിർമാതാക്കളുടെ നിയന്ത്രണങ്ങൾ മറികടന്ന് എഐ പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




