സൗദി : സുരക്ഷാ കാരണങ്ങളെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നീ കമ്പനികൾ റദ്ദാക്കിയത് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് കമ്പനികളുടെ ഈ നിർണായക തീരുമാനം. സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ ലഭിക്കാനോ യാത്രാ തീയതി സജന്യമായി മാറ്റാനോ ഉള്ള സൗകര്യങ്ങൾ വിമാന കമ്പനികൾ ഒരുക്കിയിട്ടുണ്ട്.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ദമാം നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 7 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം, ജിദ്ദയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 31 വരെ നിർത്തിവെച്ചതായും എയർലൈൻ അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് പണം പൂർണ്ണമായും തിരികെ നൽകുമെന്നോ അല്ലെങ്കിൽ അധിക നിരക്കില്ലാതെ ടിക്കറ്റ് തീയതി മാറ്റി നൽകുമെന്നോ എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയർ ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 10 വരെയും റിയാദിലേക്കുള്ള സർവീസുകൾ നവംബർ 30 വരെയും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ കമ്പനി, റദ്ദാക്കിയ ടിക്കറ്റുകളുടെ തുക 7 ദിവസത്തിനുള്ളിൽ ബുക്ക് ചെയ്ത അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നും അറിയിച്ചു. എന്നാൽ ഏജൻസികൾ വഴി ടിക്കറ്റെടുത്തവർ ഏജൻസികളെ നേരിട്ട് ബന്ധപ്പെടേണ്ടതാണ്.
സൗദിയിലെ റിയാദ്, ദമാം, നജ്റാൻ വിമാനത്താവളങ്ങൾക്ക് നേരെയും പ്രമുഖ എണ്ണ കമ്പനിയായ ആരാംകോയുടെ യാമ്പുവിലെ കേന്ദ്രങ്ങൾക്ക് നേരെയും ഹൂതി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. മക്കയിലും മദീനയിലും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായും ഹൂതികൾ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ച് സുരക്ഷ ശക്തമാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




