പി.ഇ.ഐ; പതിറ്റാണ്ടിലേറെ നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷം കാനഡയിലെ ചരിത്രപ്രസിദ്ധമായ ‘പ്രൊവിൻസ് ഹൗസ്’ നിയമസഭാ മന്ദിരം വീണ്ടും തുറന്നു. സാങ്കേതിക തടസ്സങ്ങളും കോവിഡ് പ്രതിസന്ധിയും കാരണം 12 വർഷമായി അടഞ്ഞുകിടന്ന കെട്ടിടമാണ് ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏകദേശം രണ്ടായിരത്തോളം ആളുകൾ ആദ്യദിനം കെട്ടിടം കാണാനെത്തി.
പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) പ്രവിശ്യയുടെ തലസ്ഥാനമായ ചാൾലറ്റ്ടൗണിലാണ് ഈ ചരിത്രസ്മാരകം സ്ഥിതി ചെയ്യുന്നത്. 1847-ൽ പ്രവർത്തനം തുടങ്ങിയ ഈ മന്ദിരത്തിന് 179 വർഷത്തെ പഴക്കമുണ്ട്. കാനഡ എന്ന രാജ്യത്തിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ നിർണായക ചർച്ചകൾ നടപ്പിലായത് 1864-ൽ ഈ കെട്ടിടത്തിൽ വെച്ചായിരുന്നു. അതിനാൽ കാനഡയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമുള്ള കെട്ടിടമാണിത്.
2014-ൽ നടത്തിയ പരിശോധനയിലാണ് കെട്ടിടത്തിന്റെ അടിത്തറ തകർന്നുതുടങ്ങിയതായും മേൽക്കൂര ചോരുന്നതായും കണ്ടെത്തിയത്. അപകടാവസ്ഥയിലായതിനെത്തുടർന്ന് 2015-ൽ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു. തുടർന്നാണ് ചരിത്രപരമായ തനിമ നിലനിർത്തിക്കൊണ്ടുള്ള വലിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ‘പാർക്ക്സ് കാനഡ’ എന്ന ഏജൻസിയുടെ മേൽനോട്ടത്തിൽ 138 മില്യൺ കനേഡിയൻ ഡോളർ ചെലവഴിച്ചായിരുന്നു നവീകരണം.
കെട്ടിടത്തിന്റെ കല്ലുകളും തടികളും പഴമ നഷ്ടപ്പെടാതെ വൃത്തിയാക്കി ഉണക്കിയെടുത്തു. പഴയ ചുവരുകൾ ബലപ്പെടുത്തിയതോടൊപ്പം പുതിയ ലിഫ്റ്റ്, ആധുനിക ഇലക്ട്രിക്-പ്ലംബിംഗ് സംവിധാനങ്ങൾ, ഫയർ സേഫ്റ്റി എന്നിവയും സജ്ജീകരിച്ചു. കെട്ടിടത്തിന്റെ ബേസ്മെന്റ് 1.5 മീറ്റർ താഴ്ത്തി ജീവനക്കാർക്കുള്ള മുറികളും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃകം ചോർന്നുപോകാതെ വരുംതലമുറയ്ക്കായി നിലനിർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് നിയമസഭാ അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





