ജപ്പാനിലെ ടോക്കിയോ നഗരത്തിൽ മാനസികമായി തളർന്നവരെ ആശ്വസിപ്പിക്കാനായി ‘ഇകെമെസോ ദാൻഷി’ എന്ന പുതിയ സേവനം സർവീസ് നേടുന്നു. ജോലിസ്ഥലത്തെ സമ്മർദവും വ്യക്തിപരമായ വിഷമങ്ങളും കാരണം ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ജാപ്പനീസ് സംരംഭകനായ ഹിരോക്കി തെരായ് ആണ് 2015-ൽ ഈ ആശയം അവതരിപ്പിച്ചത്.
ജാപ്പനീസ് ഭാഷയിലെ ‘ഇകെമെൻ’ എന്നാൽ സുന്ദരനായ യുവാവ് എന്നും ‘മെസോമെസോ’ എന്നാൽ വിതുമ്പിക്കരയുക എന്നുമാണ് അർഥം. ഈ വാക്കുകൾ ചേർന്നാണ് ‘ഇകെമെസോ’ എന്ന പേര് രൂപപ്പെട്ടത്. ‘ഹാൻഡ്സം വീപ്പിങ് ബോയ്സ്’ എന്ന പേരിലും ഈ സർവീസ് അറിയപ്പെടുന്നുണ്ട്. സങ്കടപ്പെടുന്നവർക്കൊപ്പം ഇരിക്കാനും അവരുടെ കണ്ണുനീർ സ്നേഹത്തോടെ തുടച്ചുകൊടുക്കാനും സുന്ദരന്മാരായ യുവാക്കളെയാണ് ഇതിനായി നിയോഗിക്കുന്നത്.
യുവാക്കളിൽ നിന്ന് ഇഷ്ടമുള്ളയാളെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. തുടർന്ന് ഇവർ ഓഫീസുകളിലോ നിശ്ചയിച്ച സ്ഥലങ്ങളിലോ എത്തി വിഷമങ്ങൾ കേൾക്കുകയും സമയം ചെലവഴിക്കുകയും ചെയ്യും. സങ്കടം വരുമ്പോൾ കണ്ട് കരയാൻ വേണ്ടി ചില സിനിമകളും വീഡിയോകളും ഇവർ കാണിച്ചു കൊടുക്കും. അങ്ങനെ ഉപഭോക്താക്കൾ മനസ്സുതുറന്ന് കരയുമ്പോൾ, കൂടെയുള്ള യുവാക്കൾ ആശ്വാസമായ വാക്കുകൾ പറയുകയും ചെയ്യും.
ജപ്പാനിൽ മനഃപൂർവം കരയാനുള്ള അവസരങ്ങൾ തേടുന്ന ‘റുയി-കാത്സു’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. ജോലിസ്ഥലത്ത് എപ്പോഴും ആത്മവിശ്വാസത്തോടെ പെരുമാറേണ്ടിവരുന്നവർക്ക് സ്വന്തം സങ്കടങ്ങൾ തുറന്നു പറയാൻ പലപ്പോഴും സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ ആരും കുറ്റപ്പെടുത്താതെ വിഷമങ്ങൾ കേൾക്കാൻ ഒരാളെ ഉണ്ടായിരിക്കുന്നത് വലിയ ആശ്വാസമാകുന്നു.
Also Read: കാനഡയിലെ മികച്ച സർവകലാശാലകൾ ഏതെല്ലാം? 2027-ലെ പുതിയ റാങ്കിംഗ് പുറത്ത്
2015-ലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഒരു സെഷന് ഏകദേശം 7,900 ജാപ്പനീസ് യെൻ ആയിരുന്നു ഇതിന്റെ നിരക്ക്. കണ്ണീർ തുടച്ചുകൊടുക്കുക എന്നതിലുപരി വൈകാരികമായി തളർന്നവർക്ക് പരിഗണന നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ ഈ സേവനം സജീവമാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





