വാഷിംഗ്ടൺ; അമേരിക്കൻ കാർഷിക മേഖലയ്ക്ക് ആശ്വാസമേകി കാനഡയിൽ നിന്നുള്ള ചില ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 50 ശതമാനം താരിഫ് ഇളവ് പ്രഖ്യാപിച്ചു. അതേസമയം, നൂറോളം പുതിയ ഉൽപ്പന്നങ്ങൾക്ക് ട്രംപ് താരിഫ് കൂട്ടുകയും ചെയ്തു. ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഉത്തരവിലൂടെ 5.1 ബില്യൺ ഡോളറിന്റെ സാധനങ്ങൾ നികുതിയില്ലാതെ അമേരിക്കയിലേക്ക് കൊണ്ടുവരാം. വാഹന കയറ്റുമതിയിൽ കാനഡ കാണിക്കുന്ന വിവേചനത്തിന് മറുപടിയായാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം.
പാക്കിംഗ് സാമഗ്രികൾ, യന്ത്രഭാഗങ്ങൾ, കടൽ പായൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കാണ് നികുതി ഒഴിവാക്കിയത്. എന്നാൽ കോക്കോ പൗഡർ, പെയിന്റ്, ഷാംപൂ, ശവപ്പെട്ടികൾ തുടങ്ങിയ 2.6 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം പുതിയ നികുതി വരികയും ചെയ്യും.
വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കാനഡയുമായി അതിർത്തി പങ്കിടുന്ന മേൻ സംസ്ഥാനത്ത് ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചയായി മാറി. ത പ്രാദേശിക കർഷകർക്കായി നിരന്തരം ഇടപെട്ട് ഇളവുകൾ നേടിയെടുത്തത് താനാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് അവകാശപ്പെട്ടു.
എന്നാൽ, ട്രംപിന്റെ നയങ്ങൾ വരുത്തിവെച്ച വൻ സാമ്പത്തിക തകർച്ച മറയ്ക്കാൻ കോളിൻസ് നടത്തുന്ന നാടകമാണിതെന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ട്രോയ് ജാക്സൺ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് ഉറപ്പായപ്പോഴാണ് കോളിൻസ് കർഷകരെ ഓർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പുതിയ സർവേ പ്രകാരം ഇരു നേതാക്കളും 49 ശതമാനം വോട്ടുകളോടെ ഒപ്പത്തിനൊപ്പമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





