മോൺട്രിയൽ: അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറെ നേരിൽ കാണാൻ മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ വെർച്വൽ ഇആർ (Virtual ER) അപ്പോയിന്റ്മെന്റ് സൗകര്യവുമായി മോൺട്രിയലിലെ ജൂയിഷ് ജനറൽ ഹോസ്പിറ്റൽ. ക്യുബെക് പ്രവിശ്യയിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തുന്നത്. മോൺട്രിയൽ ദ്വീപിൽ താമസിക്കുന്ന 18 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ഇരുന്നുതന്നെ വിഡിയോ കോൺഫറൻസ് വഴി എമർജൻസി ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ് ‘Virtual Urgent Care’ പദ്ധതി.
അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും എന്നാൽ ആശുപത്രിയിൽ നേരിട്ടെത്തി ഉടനടി അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കേണ്ടതില്ലാത്തതുമായ രോഗികൾക്കാണ് ഈ സേവനം പ്രയോജനപ്പെടുക. വീഴ്ച മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, നടുവേദന, ചർമ്മത്തിലെ അലർജി, കണ്ണ് വീക്കം, ചെറിയ രീതിയിലുള്ള പൊള്ളൽ, നേരിയ പനി തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് ഈ സംവിധാനം ഉപയോഗിക്കാം.
അപ്പോയിന്റ്മെന്റിലൂടെ ഡോക്ടർമാർക്ക് മരുന്നുകുറിപ്പുകൾ നൽകാനും, രക്തപരിശോധനയോ എക്സ്റേ പോലെയുള്ള സ്കാനിംഗുകളോ നിർദ്ദേശിക്കാനും സാധിക്കും. എന്നാൽ നെഞ്ചുവേദന, ശ്വാസതടസ്സം, കഠിനമായ വയറുവേദന, സ്ട്രോക്ക് ലക്ഷണങ്ങൾ തുടങ്ങിയ ഗുരുതര അവസ്ഥയുള്ളവർ 911-ൽ വിളിക്കുകയോ ഉടൻ ആശുപത്രിയിലെത്തുകയോ വേണം.
ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ തിരക്ക് കുറയ്ക്കാനും കൂടുതൽ അടിയന്തര ഘട്ടങ്ങളിലുള്ള രോഗികൾക്ക് മുൻഗണന നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ജി.എച്ച് എമർജൻസി വിഭാഗം മേധാവി ഡോ. ജോയൽ ടേണർ പറഞ്ഞു. നിലവിൽ ക്യുബെക്കിലെ ഇആർ വിഭാഗങ്ങളിൽ പ്രതിദിനം പതിനായിരത്തോളം പേരാണ് എത്തുന്നത്. ജൂയിഷ് ജനറൽ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള മുൻനിര ആശുപത്രികൾ പലപ്പോഴും 200 ശതമാനത്തിലധികം ശേഷിയിലാണ് പ്രവർത്തിക്കുന്നത്. 811 ഹെൽപ്പ് ലൈനുകളിലെ കടുത്ത കാത്തിരിപ്പ് സമയം നേരിടുന്ന സമയത്ത് ഈ പുതിയ പദ്ധതി പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.
തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് വെർച്വൽ അപ്പോയിന്റ്മെന്റുകൾ ലഭ്യമാകുക. ആശുപത്രിയുടെ വെബ്സൈറ്റ് പോർട്ടൽ വഴിയോInfo-Santé 811 ലൈനിലെ നഴ്സ് വഴിയോ ബുക്ക് ചെയ്യാം. ഒന്റാറിയോ, ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ പ്രവിശ്യകളിലും യു.എസിലും ഇത്തരം സംവിധാനം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. മോൺട്രിയലിൽ വിജയകരമാകുന്നതോടെ ഈ സേവനം ക്യുബെക്കിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





