വാഷിങ്ടൺ: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി യു.എസ് പോസ്റ്റൽ സർവീസ് (USPS). അമേരിക്കയിൽ ദീപാവലിയെ മുൻനിർത്തി യു.എസ് പോസ്റ്റൽ സർവീസ് സ്റ്റാമ്പ് പുറത്തിറക്കുന്നത് ഇത് രണ്ടാം തവണയാണ്. 2016-ലായിരുന്നു ഇതിനു മുൻപ് ആദ്യമായി ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയത്.
വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പ്രത്യേക ചടങ്ങിൽ യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, യു.എസ്.പി.എസ് സീനിയർ വൈസ് പ്രസിഡന്റ് ഷിബാനി ഗംഭീർ, സ്റ്റാമ്പിനായി രംഗോലി രൂപകൽപ്പന ചെയ്ത കലാകാരി സംഗീത ഭൂട്ടഡ എന്നിവർ ചേർന്ന് സ്റ്റാമ്പ് പ്രകാശനം ചെയ്തു. അരിപ്പൊടി, ചോക്ക്, പൂക്കൾ തുടങ്ങിയവ ഉപയോഗിച്ച് പരമ്പരാഗതമായി തറയിൽ തീർക്കുന്ന വർണാഭമായ രംഗോലി ഐശ്വര്യത്തിന്റെ പ്രതീകമാണെന്ന് യു.എസ്.പി.എസ് വിശേഷിപ്പിച്ചു.
ഹൂസ്റ്റൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഗീത ഭൂട്ടഡയാണ് ഈ മനോഹരമായ രംഗോലി പാറ്റേൺ തയ്യാറാക്കിയത്. ഇന്ത്യയിൽ നിന്നുള്ള അവർ ഏകദേശം 30 വർഷമായി ഈ പുരാതന നാടൻ കലാരൂപം അഭ്യസിച്ചുവരുന്നുണ്ട്. ഒരു വർഷം മുമ്പാണ് യു.എസ്.പി.എസ് തന്നെ സമീപിച്ചതെന്ന് സംഗീത ഭൂട്ടഡ പിടിഐയോട് പറഞ്ഞു. താൻ സമർപ്പിച്ച ഒരു ഡസൻ സ്കെച്ചുകളിൽ നിന്ന് നാലെണ്ണമാണ് അവർ തിരഞ്ഞെടുത്തതെന്നും, സ്റ്റാമ്പിൽ കൂടുതൽ വ്യക്തത കിട്ടുന്നതിനായി തിളക്കമുള്ള നിറങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അവർ വ്യക്തമാക്കി.
എട്ട് അടി വ്യാസമുള്ള യഥാർത്ഥ രംഗോലിയിൽ നീല, ഓറഞ്ച്, പച്ച, ചുവപ്പ്, വെള്ള തുടങ്ങിയ തിളക്കമുള്ള നിറങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ജെന്നിഫർ അർണാൾഡ് ആണ് സ്റ്റാമ്പ് രൂപകൽപ്പന ചെയ്തത്. വില്യം ജെ. ഗിക്കർ ആർട്ട് ഡയറക്ടറായും പ്രവർത്തിച്ചു. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളെ ആദരിക്കുന്നതിനായി 1893 മുതൽ യു.എസ്.പി.എസ് സ്റ്റാമ്പുകൾ പുറത്തിറക്കുന്നുണ്ടെന്ന് ഷിബാനി ഗംഭീർ ചടങ്ങിൽ പറഞ്ഞു. അമേരിക്കയുടെ ബഹുമുഖ സംസ്കാരത്തെ ഒരേ നൂലിൽ കോർക്കാൻ ഇത്തരം സ്റ്റാമ്പുകൾ സഹായിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഈ രംഗോലി ഡിസൈനിലൂടെ പുരാതനമായ ഒരു പാരമ്പര്യം നിലനിർത്താൻ സഹായിച്ച സംഗീത ഭൂട്ടഡയെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര അഭിനന്ദിച്ചു. ചടങ്ങിൽ ഒത്തുകൂടിയ പ്രമുഖർ ദീപാവലി ആശാസംകൾ നേടുകയും യു.എസിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക സ്വാധീനത്തെ അഭിനന്ദിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




