ഓട്ടവ: ഫ്രാൻസിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളും കലാപങ്ങളും കണക്കിലെടുത്ത് അവിടേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കായി കാനഡ പുതിയ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. പ്രകടനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ പൂർണ്ണമായും ഒഴിവാക്കാനും പ്രാദേശിക അധികാരികൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും ഗ്ലോബൽ അഫയേഴ്‌സ് കാനഡ ആവശ്യപ്പെട്ടു. ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പോലുള്ള കർശന സുരക്ഷാ നടപടികൾ നടപ്പിലാക്കിയതിനെത്തുടർന്നാണ് കാനഡ ഈ യാത്രാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറിൽ വിദ്യാർത്ഥികൾ സ്കൂളുകളിലെ പ്രശ്നങ്ങൾക്കെതിരെ ആരംഭിച്ച പ്രക്ഷോഭമാണ് ഇപ്പോൾ രാജ്യവ്യാപകമായ വൻ പ്രതിഷേധമായി മാറിയിരിക്കുന്നത്. ജീവിതച്ചെലവ് വർധനവ് ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ ഉന്നയിച്ചാണ് നിലവിൽ പ്രകടനങ്ങൾ നടക്കുന്നത്. എന്നാൽ പലയിടത്തും ഈ പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്കും കൊള്ളയിലേക്കും തീവയ്പ്പിലേക്കും വഴിമാറി. നൈസ് നഗരത്തിൽ കടകൾ തകർത്ത് സാധനങ്ങൾ കൊള്ളയടിക്കുന്ന സംഭവങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഫ്രഞ്ച് പോലീസ് ജലപീരങ്കികൾ ഉപയോഗിക്കുന്നുണ്ട്. പാരീസിലെ പ്ലേസ് ഡി ലാ റിപ്പബ്ലിക് സ്ക്വയർ, ലെസ് ഹാലെസ് ഭക്ഷ്യ വിപണി തുടങ്ങിയ മേഖലകളിൽ നിലവിൽ രാത്രികാല കർഫ്യൂ പ്രാബല്യത്തിലുണ്ട്. ഇതിനുപുറമേ ലിയോൺ, മാർസെയിൽ, നൈസ്, ലില്ലെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കായി പ്രത്യേക കർഫ്യൂ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി നഗരങ്ങളിൽ സമാധാനം കൊണ്ടുവരാൻ കർഫ്യൂ സഹായിച്ചുവെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു പറഞ്ഞു. ഇനിയും കുറച്ചുകൂടി ദിവസങ്ങൾ കൂടി കർഫ്യൂ തുടരണമോ എന്ന കാര്യം അവിടത്തെ പ്രാദേശിക ഭരണകൂടങ്ങൾ ആലോചിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, യാത്രക്കാർ തങ്ങൾ നിൽക്കുന്ന സ്ഥലത്ത് കർഫ്യൂ ഉണ്ടോ എന്ന് അവിടത്തെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് കാനഡയുടെ വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമാധാനപരമായി തുടങ്ങുന്ന സമരങ്ങൾ പോലും പെട്ടെന്ന് അക്രമത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഫ്രാൻസിലുള്ള കനേഡിയൻ പൗരന്മാർ പ്രാദേശിക വാർത്തകൾ കൃത്യമായി നിരീക്ഷിക്കണം. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും പരിശോധനകളും വർധിക്കാൻ സാധ്യതയുള്ളതിനാൽ, ആവശ്യാനുസരണം യാത്രാ പദ്ധതികളിൽ മാറ്റം വരുത്താൻ തയ്യാറാകണമെന്നും കാനഡ നിർദേശിക്കുന്നു.
Also Read: OAS പെൻഷൻ വർദ്ധിപ്പിച്ചു: അടുത്തയാഴ്ച പെയ്മെന്റ് അക്കൗണ്ടിലെത്തും
തീവ്രവാദ ഭീഷണി നിലനിൽക്കുന്നതിനാൽ ഫ്രാൻസിലേക്ക് പോകുന്നവർ നേരത്തെ തന്നെ ഉയർന്ന ജാഗ്രത പാലിക്കണമെന്ന് കാനഡ നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വീക്കെന്റിൽ മാത്രം നടന്ന അക്രമസംഭവങ്ങളിൽ 2,000-ത്തിലധികം ആളുകളാണ് അറസ്റ്റിലായത്. സംഘർഷങ്ങളിൽ കുറഞ്ഞത് രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് കൈകൾ നഷ്ടപ്പെടുന്നത് ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





