ന്യൂ ബ്രണ്‍സ്വിക്: വീടുകളിലെ റഡോണ്‍ വാതകത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള സൗജന്യ കിറ്റുകള്‍ ന്യൂ ബ്രണ്‍സ്വിക്കിലെ പബ്ലിക് ലൈബ്രറികളില്‍ വീണ്ടും ലഭ്യമാക്കി. 2027 ഫെബ്രുവരി 28 വരെ കിറ്റുകള്‍ വിതരണം ചെയ്യും. പരിശോധനാ ഉപകരണത്തിനൊപ്പം റഡോണ്‍ വാതകത്തെക്കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ വിവരങ്ങളും കിറ്റിലുണ്ടാകും.

തണുപ്പുകാലത്ത് വീടുകള്‍ കൂടുതല്‍ സമയം അടച്ചിടുന്നതിനാല്‍ ഈ കാലയളവില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. പരിശോധനാ ഉപകരണം കുറഞ്ഞത് 91 ദിവസം മാറ്റമില്ലാതെ വെക്കണം. തുടര്‍ന്ന് കിറ്റ് ലോക്കൽ ലൈബ്രറിയില്‍ തിരികെ ഏല്‍പ്പിക്കാം. അവിടെനിന്ന് പരിശോധനയ്ക്കായി അയക്കും. ഫലം ലഭിക്കാന്‍ നാലു മുതല്‍ ആറാഴ്ച വരെ വേണ്ടിവരും.
ന്യൂ ബ്രണ്‍സ്വിക് റിസര്‍ച്ച് ആന്‍ഡ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍, എന്‍ബി ലങ് എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ വര്‍ഷമാണ് പദ്ധതി ആദ്യമായി നടപ്പാക്കിയത്. അന്ന് ഏകദേശം 12,000 കിറ്റുകള്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനകള്‍ക്കുള്ള കിറ്റുകളും ഗ്രന്ഥശാലകളില്‍ തിരികെ സ്വീകരിക്കുന്നുണ്ട്.
ALSO READ: കാൻസർ സ്ക്രീനിംഗിന് ഇനി ഓൺലൈൻ ബുക്കിംഗ്; പുതിയ പ്ലാറ്റ്‌ഫോമുമായി നയാഗ്ര ഹെൽത്ത്
പദ്ധതിയുടെ ആദ്യവര്‍ഷത്തെ വിജയം സന്തോഷം നല്‍കുന്നതാണെന്നും രണ്ടാം വര്‍ഷം കൂടുതല്‍ പേര്‍ ഈ അവസരം പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ-പരിശീലന മന്ത്രി ജീന്‍-ക്ലോഡ് ഡാമൂര്‍സ് പ്രവിശ്യാ സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഹെല്‍ത്ത് കാനഡയുടെ മാര്‍ഗനിര്‍ദേശമായ ഒരു ഘനമീറ്ററില്‍ 200 ബെക്കറല്‍ എന്ന പരിധിക്കു മുകളില്‍ റഡോണ്‍ സാന്നിധ്യമുള്ള വീടുകള്‍ ന്യൂ ബ്രണ്‍സ്വിക്കില്‍ നാലിലൊന്നുണ്ടെന്നാണ് അധികൃതരുടെ കണക്ക്. റഡോണ്‍ മണ്ണിലും പാറകളിലുമുള്ള യുറേനിയം വിഘടിക്കുമ്പോള്‍ സ്വാഭാവികമായി രൂപപ്പെടുന്ന റേഡിയോആക്ടീവ് വാതകമാണ്. വീടുകളുടെ അടിത്തറയിലും ചുവരുകളിലുമുള്ള വിള്ളലുകള്‍, പൈപ്പുകള്‍ക്ക് ചുറ്റുമുള്ള വിടവുകള്‍, നിലത്തെ ഡ്രെയിനുകള്‍ എന്നിവയിലൂടെ ഇത് അകത്തേക്ക് കടക്കാം. ഉയര്‍ന്ന അളവില്‍ റഡോണുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Free Radon Test Kits Return to New Brunswick Libraries’




