സോഫിയ: കരിങ്കടലില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് കപ്പലുകള്‍ക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ റഷ്യയാകാമെന്ന് ബള്‍ഗേറിയ. എന്നാല്‍, ആക്രമണങ്ങളില്‍ മോസ്കോയുടെ പങ്ക് തെളിയിക്കാന്‍ കഴിയുന്ന സാഹചര്യമില്ലെന്ന് ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് പാര്‍ലമെന്റില്‍ പറഞ്ഞു. ആക്രമണങ്ങളില്‍ രണ്ട് കപ്പലുകള്‍ മുങ്ങി. കാണാതായ 11 ജീവനക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച ബള്‍ഗേറിയയുടെ പ്രത്യേക സാമ്പത്തിക മേഖലയിലും സമീപ ജലമേഖലകളിലുമുണ്ടായ ആക്രമണങ്ങളിലാണ് രണ്ട് കപ്പലുകള്‍ മുങ്ങിയത്. അഞ്ച് ജീവനക്കാരെ രക്ഷപ്പെടുത്തി. ഗിനിയ-ബിസാവു പതാകയേന്തിയ ചരക്കുകപ്പലായ ‘ഡിഗ്നിറ്റി’ ആക്രമണത്തില്‍ മുങ്ങി. കപ്പലിലുണ്ടായിരുന്ന നാല് ജീവനക്കാരെ രക്ഷപ്പെടുത്തി വര്‍ണ തുറമുഖത്തെത്തിച്ചു. ഇവരില്‍ മൂന്ന് പേര് സിറിയക്കാരും ഒരാള്‍ ഈജിപ്തുകാരനുമാണ്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രാദേശിക ഗവര്‍ണര്‍ മാരിയോ സ്മാര്ക്കോവ് അറിയിച്ചു. അഞ്ചാമത്തെ ജീവനക്കാരനെ ബുധനാഴ്ച പിന്നീട് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുങ്ങിയ മറ്റൊരു കപ്പലായ ‘ചെല്‍സി-3’ ഉക്രൈന് ഉടമസ്ഥതയിലുള്ളതാണ്. ഒഡേസയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യമായ മാള്‍ട്ടയുടെ പതാകയിലാണ് സഞ്ചരിച്ചിരുന്നത്. സ്വന്തം കപ്പലുകളെയും ജീവനക്കാരെയും ഉക്രൈന് ആക്രമിക്കേണ്ട കാര്യമില്ലെന്നും ആക്രമണങ്ങളുടെ ഫലം റഷ്യയ്ക്ക് അനുകൂലമാണെന്നും റാദേവ് പറഞ്ഞു. എന്നാല്‍, റഷ്യയുടെ പങ്ക് തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റാദേവ് ചൊവ്വാഴ്ച റഷ്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് സംഭവത്തെക്കുറിച്ച് വിവരമില്ലെന്ന് അംബാസഡര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നാം കക്ഷി നടത്തിയ പ്രകോപനമാകാനുള്ള സാധ്യതയും അവര്‍ തള്ളിക്കളഞ്ഞില്ല. വാണിജ്യ കപ്പലുകള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ബള്‍ഗേറിയ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. നിരീക്ഷണ സംവിധാനങ്ങളും ഡ്രോണ്‍ ആക്രമണങ്ങളെ നേരിടാനുള്ള ശേഷിയും ശക്തിപ്പെടുത്താന്‍ നാറ്റോയുടെ പിന്തുണയും ആവശ്യപ്പെട്ടു.
കരിങ്കടലില്‍ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്നും വാണിജ്യ, സിവിലിയന്‍ അടിസ്ഥാനസൗകര്യങ്ങള്ക്കുനേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് ഇലിയാന യോതോവ ആവശ്യപ്പെട്ടു. റൊമാനിയയിലെയും തുര്‍ക്കിയിലെയും നേതാക്കളുമായി ചേര്‍ന്ന് അപകടസാധ്യതകള്‍ നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, തലസ്ഥാനമായ സോഫിയയ്ക്കു സമീപമുള്ള സ്റ്റാര്‍ലിങ്ക് ആന്റിനകള്ക്കുനേരെയുണ്ടായ ആക്രമണവും റാദേവ് സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 17 ആന്റിനകളില്‍ 11 എണ്ണത്തിന് മുഖംമൂടി ധരിച്ച രണ്ടുപേര്‍ തീയിട്ടതായി പ്രതിപക്ഷ എംപിമാര്‍ സമൂഹമാധ്യമങ്ങളില്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ പങ്കാളി ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തുകയാണെന്നും ഉടന്‍ ഫലം പ്രതീക്ഷിക്കുന്നതായും റാദേവ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Black Sea Drone Attacks Sink Two Ships, 11 Crew Missing’




