ഓട്ടവ: ഭക്ഷണസഹായം തേടുന്നവരുടെ എണ്ണം ഇതുവരെ കാണാത്ത നിലയില്‍ വര്‍ധിച്ചതോടെ സംഭാവന ശേഖരണം നടത്തി ഒട്ടാവ ഫുഡ് ബാങ്ക്. താങ്ക്‌സ്ഗിവിങ് അവധിവാരാന്ത്യത്തില്‍ ഭക്ഷണസാധനങ്ങള്‍ ശേഖരിക്കാനും സഹായം ആവശ്യമുള്ളവരെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്താനുമാണ് പരിപാടി സംഘടിപ്പിച്ചത്. 14 വയസ്സുകാരനായ ലിയം മക്ഇന്നിസും അമ്മയ്‌ക്കൊപ്പം ശേഖരണത്തില്‍ പങ്കെടുത്തു.

ഓട്ടവയിലെ ഓര്‍ലിയന്‍സ് മേഖലയിലുള്ള മെട്രോ സ്റ്റോറില്‍ ലിയമും മറ്റ് സന്നദ്ധപ്രവര്‍ത്തകരും കേടാകാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഓട്ടവ ഫുഡ് ബാങ്കില്‍ 5.88 ലക്ഷം തവണ ആളുകള്‍ സഹായം തേടിയെത്തിയെന്ന് ചീഫ് എക്‌സിക്യൂട്ടീവ് നതാലി സ്പൂണര്‍ പറഞ്ഞു. നഗരത്തില്‍ ഇത്രയധികം ആവശ്യം മുന്‍പ് കണ്ടിട്ടില്ലെന്നും ആവശ്യക്കാര്‍ക്ക് സഹായം നല്‍കാന്‍ സംഭാവനകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഫുഡ് ബാങ്ക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2025-ല്‍ രാജ്യത്തെ ഫുഡ് ബാങ്കുകളില്‍ ഓരോ മാസവും ഏകദേശം 22 ലക്ഷം സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ആറു വര്‍ഷം മുമ്പുള്ള കണക്കിന്റെ ഇരട്ടിയാണിത്. സഹായം തേടിയെത്തിയവരില്‍ 40 ശതമാനം സാമൂഹിക സഹായമോ ഭിന്നശേഷി ആനുകൂല്യങ്ങളോ ലഭിക്കുന്നവരായിരുന്നു. 33 ശതമാനം കുട്ടികളാണ്. 19 ശതമാനം പേര്‍ ജോലി ചെയ്യുന്നവരായിരുന്നിട്ടും ജീവിതച്ചെലവ് താങ്ങാനാകാതെ ഭക്ഷണസഹായം തേടിയെത്തി.
ഭക്ഷ്യവസ്തുക്കളുടെ വില മാത്രമല്ല, ഇന്ധനത്തിന്റെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലയും കൂടുന്നത് കുടുംബങ്ങളെ ബാധിക്കുന്നുണ്ടെന്ന് ഗ്വെല്‍ഫ് സര്‍വകലാശാലയിലെ ഭക്ഷ്യസാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ വോണ്‍ മാസോ പറഞ്ഞു. വാടക, മരുന്ന്, വൈദ്യുതി ബില്‍ എന്നിവയ്ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഭക്ഷണം വാങ്ങുന്നത് അവസാനത്തെ പരിഗണനയായി മാറുന്നുവെന്ന് ഫുഡ് ബാങ്ക് അധികൃതരും ചൂണ്ടിക്കാട്ടി. വരുമാനം മതിയാകാത്തതിനാല്‍ പലര്‍ക്കും അടിസ്ഥാന ആവശ്യങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുക്കേണ്ടിവരുന്നുവെന്നും അവര്‍ പറഞ്ഞു.
ജീവിതച്ചെലവ് കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ചില നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ സഹായം വേണമെന്നാണ് ഫുഡ് ബാങ്ക്‌സിന്റെ ആവശ്യം. തൊഴില്‍ ഇന്‍ഷുറന്‍സ്, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍, ഭിന്നശേഷി ആനുകൂല്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തണമെന്നും ചെലവ് കുറഞ്ഞ വീടുകള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. തൊഴിലില്ലായ്മയും ചരക്കുനീക്ക ചെലവും വര്‍ധിക്കുന്നത് ശൈത്യകാലത്ത് ഭക്ഷ്യവില ഉയരാന്‍ ഇടയാക്കും. വരും മാസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണസഹായം തേടിയെത്താന്‍ സാധ്യതയുള്ളതിനാല്‍ സംഭാവനകള്‍ നല്‍കണമെന്ന് ഫുഡ് ബാങ്കുകള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Ottawa Food Bank Demand Rises as Living Costs Soar’




