ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയേറ്റ വെട്ടിച്ചുരുക്കൽ നയവുമായി പ്രതിപക്ഷമായ ലിബറൽ-നാഷണൽ സഖ്യം രംഗത്ത്. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ഭവനക്ഷാമവും വർധിച്ചുവരുന്ന ജീവിതച്ചെലവും മുൻനിർത്തി, താൽക്കാലിക-മാനുഷിക വിസകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുമെന്നാണ് സഖ്യത്തിന്റെ പ്രഖ്യാപനം. നാല് വർഷത്തിനുള്ളിൽ താൽക്കാലിക വിസകളിൽ 6,50,000 എണ്ണം കുറയ്ക്കാനും, പ്രതിവർഷ അറ്റ കുടിയേറ്റം (Net Overseas Migration) ആദ്യ രണ്ടു വർഷങ്ങളിൽ ഒരു ലക്ഷമായി പരിമിതപ്പെടുത്താനും പുതിയ നയം ലക്ഷ്യമിടുന്നു. നിലവിലെ നിരക്കിന്റെ മൂന്നിലൊന്നായി കുടിയേറ്റം ചുരുക്കാനാണ് പ്രതിപക്ഷം പദ്ധതിയിടുന്നത്.
ദേശീയ താൽപ്പര്യങ്ങൾക്കും രാജ്യത്തെ പൗരന്മാർക്കും പ്രഥമ പരിഗണന നൽകുന്ന സമീപനമാണിതെന്ന് ചൊവ്വാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ വ്യക്തമാക്കി. തുടർച്ചയായ ആദ്യ രണ്ടു വർഷങ്ങളിൽ പ്രതിവർഷ കുടിയേറ്റം ഒരു ലക്ഷത്തിലും, നാലാം വർഷത്തിൽ 1,60,000 ലും നിലനിർത്തുന്നത് റോഡുകൾ, സ്കൂളുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പാർപ്പിട മേഖല എന്നിവ നേരിടുന്ന കടുത്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതോടൊപ്പം, കുടിയേറ്റ വിരുദ്ധ നിലപാടുമായി മുന്നേറുന്ന തീവ്ര വലതുപക്ഷ പാർട്ടിയായ ‘വൺ നേഷൻ’ ഉയർത്തുന്ന രാഷ്ട്രീയ സമ്മർദ്ദവും ലിബറൽ-നാഷണൽ സഖ്യത്തിന്റെ ഈ കടുത്ത നീക്കത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നിർദ്ദിഷ്ട നയരേഖ പ്രകാരം വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എൻറോൾമെന്റ് 2,40,000 ആയി പരിമിതപ്പെടുത്തുന്നതിനൊപ്പം, പഠനശേഷം രാജ്യത്ത് താമസിച്ച് ജോലി ചെയ്യാൻ അവസരമൊരുക്കുന്ന ‘ടെമ്പററി ഗ്രാജ്വേറ്റ് വിസ’ പദ്ധതി പൂർണ്ണമായും നിർത്തലാക്കാനും നിർദ്ദേശമുണ്ട്. ഇതിനുപുറമെ, മാനുഷിക പരിഗണന നൽകുന്ന വിസകളുടെ എണ്ണം പകുതിയായി വെട്ടിചുരുക്കി 10,000 ആക്കും. എന്നാൽ നൈപുണ്യമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി താൽക്കാലിക സ്കിൽഡ് വിസകളിൽ ഒരു ലക്ഷം വർദ്ധനവ് വരുത്തുമെന്നും, നിർമ്മാണ മേഖലയിലെ തൊഴിലാളികളുടെ കെട്ടിക്കിടക്കുന്ന വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുമെന്നും പ്രതിപക്ഷം വാഗ്ദാനം ചെയ്യുന്നു.
നിലവിലെ ലേബർ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളേക്കാൾ വളരെ കർശനമാണ് പ്രതിപക്ഷത്തിന്റെ പദ്ധതി. 2028-ഓടെ വാർഷിക അറ്റ കുടിയേറ്റം 2,25,000 ആയി കുറയ്ക്കാനാണ് ഭരണപക്ഷം ലക്ഷ്യമിടുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച 2022 ഫെബ്രുവരിക്ക് ശേഷം വലിയ തോതിൽ കുതിച്ചുയർന്ന കുടിയേറ്റ നിരക്ക്, 2025 ജൂൺ 30-ന് അവസാനിച്ച കണക്കുകൾ പ്രകാരം 3,06,000 ലേക്ക് താഴ്ന്നിരുന്നു. എന്നിരുന്നാലും, 2028-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റവും ജീവിതച്ചെലവും ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിൽ നിർണ്ണായക ചർച്ചാവിഷയമായി മാറുമെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





