ക്യുബെക്ക്: ക്യുബെക്ക് പ്രവിശ്യയിൽ ഒക്ടോബർ 5ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി ക്യുബെക്കോയിസ് (പിക്യു) നേതാവ് പോൾ സെന്റ്-പിയർ പ്ലാമോണ്ടൻ മുന്നേറുന്നു. ഒക്ടോബർ 5-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ അഞ്ച് പ്രമുഖ പാർട്ടികൾ മത്സരിക്കുന്നതിനാൽ വോട്ടുകൾ വിഭജിക്കപ്പെടാൻ സാധ്യതയുണ്ട്. കാനഡയിൽനിന്ന് ക്യുബെക്ക് വേർപെട്ട് സ്വതന്ത്ര രാജ്യമാകണമെന്ന നിലപാട് ഉയർത്തിപ്പിടിക്കുന്ന പിക്യു, ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഇത്തവണ ജനവിധിയെ തേടുന്നത്.
2014-ൽ പോളിൻ മറോയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സർക്കാർ പുറത്തായതിനുശേഷം പിക്യുവിന് ഭരണത്തിലെത്താൻ സാധിച്ചിട്ടില്ല. 2022-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കേവലം മൂന്ന് സീറ്റുകൾ മാത്രമാണ് ലഭിച്ചത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പുകളിലൂടെ നാല് സീറ്റുകൾ കൂടി നേടി സാന്നിധ്യം ശക്തമാക്കി. ഓഗസ്റ്റിൽ നിയമസഭ പിരിച്ചുവിടുമ്പോൾ പാർട്ടിക്ക് സഭയിൽ ഏഴ് സീറ്റുകളുണ്ടായിരുന്നു.
2020-ൽ പാർട്ടിയുടെ നേതൃത്വമേറ്റെടുത്ത പ്ലാമോണ്ടൻ, കാനഡയിൽനിന്ന് ക്യുബെക്കിനെ വേർപെടുത്തി സ്വതന്ത്ര രാജ്യമാക്കുന്നതിനുള്ള ഹിതപരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദവിയിൽനിന്ന് മാറിയ ശേഷമേ ഹിതപരിശോധന നടത്തൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 1ന് നൽകിയ അഭിമുഖത്തിൽ, ക്യുബെക്കിന്റെ സ്വാതന്ത്ര്യം വലിയ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുമെന്ന വാദം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് സ്വാതന്ത്ര്യവാദ ആശയങ്ങളെ വിമർശിച്ചിരുന്ന വ്യക്തിയായിരുന്നു പ്ലാമോണ്ടൻ. അഭിഭാഷകനായി ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളും മുൻ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളുമാണ് അദ്ദേഹത്തിന്റെ നിലപാട് മാറ്റത്തിന് കാരണമായത്. 2004 നും 2008 നും ഇടയിൽ ലിബറൽ പാർട്ടിക്ക് സംഭാവന നൽകിയിരുന്ന അദ്ദേഹം 2016-ലാണ് പിക്യുവിൽ അംഗമാകുന്നത്.
Also Read: ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ
ഭരണമാറ്റവും പ്രവിശ്യയുടെ താല്പര്യ സംരക്ഷണവുമാണ് ഇത്തവണ പിക്യു പ്രചാരണ വിഷയമാക്കുന്നത്. ഭവനപ്രതിസന്ധി, ഫ്രഞ്ച് ഭാഷ നേരിടുന്ന ഭീഷണികൾ, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ, പൊതുസേവനങ്ങളിലെ സമ്മർദം എന്നിവയ്ക്ക് കാരണം നിയന്ത്രണമില്ലാത്ത കുടിയേറ്റമാണെന്ന് പ്ലാമോണ്ടൻ ആരോപിക്കുന്നു. ഈ തിരഞ്ഞെടുപ്പ് വെറുമൊരു ഹിതപരിശോധനയെക്കുറിച്ചുള്ളതല്ലെന്നും പ്രവിശ്യയെ നയിക്കാൻ ആരെ ഏൽപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരമാണെന്നും പാർട്ടി വ്യക്തമാക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





