ഓട്ടവ : രാജ്യത്ത് അഞ്ച് പ്രവിശ്യകളിൽ മിനിമം വേതനം വർധിപ്പിച്ചു. ജീവിതച്ചെലവ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അഞ്ച് പ്രവിശ്യകളിൽ മിനിമം വേതനം 25 മുതൽ 40 സെന്റ് വരെ ഉയർത്തിയിരിക്കുന്നത്. ഒന്റാരിയോ, പ്രിൻസ് എഡ്വേർഡ് ഐലൻഡ്, നോവ സ്കോഷ്യ, മാനിറ്റോബ, സസ്കാച്ചെവൻ എന്നീ പ്രവിശ്യകളിലാണ് പുതിയ നിരക്കുകൾ നിലവിൽ വന്നിരിക്കുന്നത്.
വർധനവ് പ്രകാരം ഒന്റാരിയോയിൽ മിനിമം വേതനം മണിക്കൂറിൽ 17.95 ഡോളറായി ഉയർന്നു. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇത് 17.30 ഡോളറും നോവ സ്കോഷ്യയിൽ 17 ഡോളറുമായാണ് വർധിപ്പിച്ചത്. മാനിറ്റോബയിൽ മിനിമം വേതനം 16.40 ഡോളറായും സസ്കാച്ചെവനിൽ 15.70 ഡോളറായും ഉയർത്തിയിട്ടുണ്ട്. ജീവിതച്ചെലവിലെ വർധനവ് കണക്കിലെടുത്താണ് ഒന്റാരിയോ സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഈ മാറ്റങ്ങളോടെ, 2019 മുതൽ മിനിമം വേതനം വർധിപ്പിക്കാത്ത ആൽബർട്ട ഒഴികെയുള്ള എല്ലാ പ്രവിശ്യകളും പ്രദേശങ്ങളും ഈ വർഷം തങ്ങളുടെ വേതന നിരക്ക് ഉയർത്തിയിട്ടുണ്ട്. കാനഡയിൽ ഏറ്റവും കുറഞ്ഞ മിനിമം വേതനമുള്ള ആൽബർട്ടയിൽ ഇത് മണിക്കൂറിൽ 15 ഡോളറായി തുടരുന്നു. സെപ്റ്റംബർ ഒന്നിന് മിനിമം വേതനം വർധിപ്പിച്ച നുനാവട്ടാണ് മണിക്കൂറിൽ 20 ഡോളറിലധികം തുകയുമായി രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





