വാഷിങ്ടണ്‍: യുഎസ്-കാനഡ വ്യാപാരയുദ്ധം പ്രോട്ടീന്‍ ഉല്‍പ്പന്ന മേഖലയെയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രോട്ടീന്‍ പൗഡര്‍ ഉള്‍പ്പെടെയുള്ള നിരവധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന ഘടകമായ വീ (Whey) വ്യാപാര തര്‍ക്കത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. യുഎസ് വീ ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍, കനേഡിയന്‍ നിര്‍മിത വീ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ് ഉള്‍പ്പെടെയുള്ള ചില ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്താനിരിക്കുകയാണ്.

കാനഡയിലെ പ്രോട്ടീന്‍ ഉല്‍പ്പന്ന നിര്മാതാക്കളെയാണ് ഇതിന്റെ ആഘാതം കൂടുതല്‍ ബാധിക്കുന്നത്. കനേഡിയന്‍ കമ്പനികള്‍ക്ക് ആവശ്യമായ രീതിയില്‍ സംസ്കരിച്ച വീയുടെ ലഭ്യത രാജ്യത്ത് പരിമിതമാണ്. അതിനാല്‍ പല നിര്‍മാതാക്കളും യുഎസില്‍ നിന്നാണ് വീ വാങ്ങുന്നത്. കാനഡയില്‍ പാല് ഉല്‍പ്പാദനം നടക്കുന്നുണ്ടെങ്കിലും യുഎസിനെ അപേക്ഷിച്ച് ചീസ് ഉല്‍പ്പാദനം കുറവായതിനാല്‍ വീ സംസ്കരിച്ച് ഉയര്‍ന്ന പ്രോട്ടീന്‍ ഘടകമാക്കുന്ന സംവിധാനങ്ങളും കുറവാണ്.
സെപ്റ്റംബര്‍ 8-ന് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായ ഫിറ്റ് ഫുഡ്സ് എല്‍പിയുടെ മേധാവി ജിം മക്മഹോണ്‍ ആറുമാസത്തേക്കുള്ള വീ സംഭരിച്ചിരുന്നു. ഇതിനായി വായ്പയെടുക്കേണ്ടി വന്നതായും സംഭരണത്തിനും അടിയന്തര ഗതാഗതത്തിനുമായി അധിക ചെലവ് വന്നതായും അദ്ദേഹം പറഞ്ഞു.
വീയ്ക്ക് പകരം പീസ് പ്രോട്ടീന്‍ പോലുള്ള ഘടകങ്ങള്‍ ഉപയോഗിക്കുന്നത് എളുപ്പമല്ലെന്നാണ് വ്യവസായ മേഖലയിലെ പ്രതികരണം. ഉല്‍പ്പന്നത്തിന്റെ ഘടന തന്നെ മാറ്റേണ്ടിവരുന്നതിനൊപ്പം പുതിയ വിതരണ ശൃംഖലയും ഒരുക്കേണ്ടിവരും. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വില ഉയരാനും സാധ്യതയുണ്ട്.
അമേരിക്കയിലും വീയുടെ ലഭ്യതയെക്കുറിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. യുഎസ് കാര്‍ഷിക വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ചില വീ പ്രോട്ടീന്‍ കോണ്‍സന്‍ട്രേറ്റ് വിതരണക്കാര്‍ ആ വര്‍ഷത്തെ ശേഷിക്കുന്ന കാലയളവിലേക്കുള്ള സ്റ്റോക്ക് വിറ്റുതീര്‍ന്നതായി അറിയിച്ചിരുന്നു. ജൂണില്‍ വീ പ്രോട്ടീന്‍ കോണ്സന്ട്രേറ്റിന്റെ മൊത്തവില പൗണ്ടിന് 13 യുഎസ് ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 250 ശതമാനം വര്‍ധനയായിരുന്നു ഇത്.
പിന്നീട് വില പൗണ്ടിന് 10 മുതല്‍ 11 ഡോളര്‍ വരെയായി കുറഞ്ഞെങ്കിലും അതിന്റെ പൂര്‍ണ ആഘാതം ഉപഭോക്താക്കളിലേക്ക് എത്തിയിട്ടില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വീ ഉപയോഗിക്കുന്ന റെഡി-ടു-മിക്സ്, റെഡി-ടു-ഈറ്റ് പ്രോട്ടീന്‍ ഉല്‍പ്പന്നങ്ങളുടെ വില ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം തുടക്കത്തിലും ഉയരാന്‍ സാധ്യതയുണ്ടെന്നും കാര്‍ഷിക ഡാറ്റാ സ്ഥാപനമായ Ever.Ag Insights പ്രതിനിധി കാത്ലീന് വുള്ഫ്ലി പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘US-Canada Trade War: Protein Powder Prices May Rise’




