ഓട്ടവ: രാജ്യത്തെ ഫെഡറൽ തൊഴിൽ മേഖലയിൽ ചരിത്രപരമായ വേതന പരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കനേഡിയൻ സർക്കാർ. കാനഡ ലേബർ കോഡിന് കീഴിൽ 2026 ഒക്ടോബർ മാസം മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ റെഗുലേഷൻ പ്രകാരം, ഒരേ തരത്തിലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് അവരുടെ എംപ്ലോയ്മെന്റ് സ്റ്റാറ്റസ് എന്താണെങ്കിലും തുല്യ ശമ്പളം നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരായിരിക്കും. ഒരേ സ്ഥാപനത്തിൽ ഒരേ തരത്തിലുള്ള ഉത്തരവാദിത്തങ്ങളും കഠിനാധ്വാനവും വൈദഗ്ധ്യവും ആവശ്യമായി വരുന്ന ജോലികൾ ചെയ്യുന്ന പാർട്ട് ടൈം, ഫുൾ ടൈം, പെർമനന്റ്, കോൺട്രാക്ട്, സീസണൽ അല്ലെങ്കിൽ കാഷ്വൽ ജീവനക്കാർ തമ്മിൽ വേതനത്തിന്റെ കാര്യത്തിൽ ഇനി ഒരു തരത്തിലുള്ള വിവേചനവും കാണിക്കാൻ പാടില്ലെന്ന് ലേബർ റെഗുലേഷൻ വ്യക്തമാക്കുന്നു. സമാനമായ തൊഴിൽ സാഹചര്യങ്ങളിലും ഒരേ രീതിയിൽ ശമ്പളം കണക്കാക്കുന്ന തസ്തികകളിലും ജോലി ചെയ്യുന്നവർക്ക് ഈ നിയമത്തിന്റെ പൂർണ്ണ ആനുകൂല്യം ലഭിക്കും. തൊഴിൽ സമത്വം ഉറപ്പാക്കാനെന്ന പേരിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാരന്റെ വേതനം കുറയ്ക്കാൻ തൊഴിലുടമയ്ക്ക് അനുവാദമില്ലെന്നും, മറിച്ച് കുറഞ്ഞ ശമ്പളമുള്ള തൊഴിലാളിയുടെ വേതനം ഉയർത്തുകയാണ് ചെയ്യേണ്ടതെന്നും നിയമത്തിൽ അടിവരയിട്ടു പറയുന്നു.
എംപ്ലോയ്മെന്റ് സ്റ്റാറ്റസിലെ മാറ്റങ്ങൾക്ക് പുറമേ, ടെമ്പററി ഹെൽപ്പ് ഏജൻസികൾ വഴിയെത്തുന്ന ജീവനക്കാരുടെ വേതന സുരക്ഷ ഉറപ്പാക്കുന്ന പ്രധാനപ്പെട്ട മാറ്റവും ഒക്ടോബറിൽ നിലവിൽ വരും. ഇതനുസരിച്ച് ഫെഡറൽ തലത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ഏജൻസി വഴി ജോലിക്ക് നിയോഗിക്കപ്പെടുന്ന തൊഴിലാളിക്ക്, അവർ സേവനം ചെയ്യുന്ന ക്ലയന്റ് സ്ഥാപനത്തിലെ സമാന ജീവനക്കാരന് ലഭിക്കുന്ന അതേ വേതന നിരക്ക് തന്നെ നൽകേണ്ടിവരും. ഏജൻസി തൊഴിലാളിയാണെന്ന കാരണം പറഞ്ഞ് കുറഞ്ഞ വേതനം നൽകാൻ ഇനി സാധിക്കില്ല. കൂടാതെ, തൊഴിലാളികളിൽ നിന്ന് ഏജൻസികൾ ഈടാക്കുന്ന അനാവശ്യ ഫീസുകൾ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ജോലി നൽകുന്നതിനോ, ഏജൻസിയിൽ അംഗമാകുന്നതിനോ, റെസ്യൂമെ തയ്യാറാക്കൽ, ഇന്റർവ്യൂ പരിശീലനം തുടങ്ങിയ സേവനങ്ങൾക്കോ അല്ലെങ്കിൽ ക്ലയന്റ് കമ്പനിയിൽ നേരിട്ട് ജോലി നേടുന്നതിനോ വേണ്ടി തൊഴിലാളികളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള തുക ഈടാക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്. ഇത്തരം ഫീസുകൾ വാങ്ങിയതായി കണ്ടെത്തിയാൽ ആ തുക തൊഴിലാളിക്ക് തിരികെ നൽകേണ്ടിവരും.
തങ്ങളുടെ വേതനത്തിൽ വിവേചനമുണ്ടെന്ന് കരുതുന്ന ഏതൊരു ജീവനക്കാരനും തൊഴിലുടമയ്ക്ക് രേഖാമൂലം പുനഃപരിശോധനാ അപേക്ഷ സമർപ്പിക്കാനുള്ള പൂർണ്ണ അവകാശമുണ്ടായിരിക്കും. അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളിൽ തൊഴിലുടമ സമഗ്രമായ പരിശോധന നടത്തി രേഖാമൂലം തന്നെ മറുപടി നൽകണം. വേതന വർദ്ധനവ് അർഹതപ്പെട്ടതാണെന്ന് കണ്ടെത്തിയാൽ, അപേക്ഷ സമർപ്പിച്ച തീയതി മുതൽ പുതിയ ശമ്പളം പ്രാബല്യത്തിൽ വരുന്നതുവരെയുള്ള കുടിശ്ശിക തുക ജീവനക്കാരന് നൽകാൻ കമ്പനി ബാധ്യസ്ഥരാണ്. ഇത്തരം പരാതികൾ നൽകുന്ന തൊഴിലാളികൾക്കെതിരെ പിരിച്ചുവിടൽ, തരംതാഴ്ത്തൽ, അച്ചടക്ക നടപടികൾ തുടങ്ങിയ പ്രതികാര നടപടികൾ സ്വീകരിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. പരാതി നൽകി 90 ദിവസത്തിനകം തൊഴിലുടമ നടപടി എടുത്തില്ലെങ്കിലോ തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിലോ ലേബർ പ്രോഗ്രാമിന് മുന്നിൽ നേരിട്ട് പരാതി ഫയൽ ചെയ്യാവുന്നതാണ്.
ബാങ്കിംഗ് മേഖല, എയർലൈനുകൾ, വിമാനത്താവളങ്ങൾ, ടെലികോം ശൃംഖലകൾ, റേഡിയോ-ടിവി സംപ്രേക്ഷണം, പോസ്റ്റൽ-കൊറിയർ സർവീസുകൾ, ചരക്കുസേവനങ്ങൾ നടത്തുന്ന ട്രക്കിംഗ്, റെയിൽവേ, മറൈൻ ഷിപ്പിംഗ് തുടങ്ങിയ പ്രമുഖ ഫെഡറൽ വ്യവസായങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുക. കാനഡയിലെ ആകെ തൊഴിലാളികളിൽ 90 ശതമാനത്തിലധികം ആളുകളും പ്രൊവിൻഷ്യൽ തൊഴിൽ നിയമങ്ങൾക്ക് കീഴിൽ വരുന്നവരായതിനാൽ, സ്വന്തം സ്ഥാപനം ഫെഡറൽ പരിധിയിലാണോ എന്ന് ജീവനക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. യൂണിയൻ കരാറുകൾ നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ വ്യവസ്ഥകളിലേക്ക് മാറാൻ രണ്ട് വർഷത്തെ കാലാവധി (2028 ഒക്ടോബർ വരെ) അനുവദിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





