ഓട്ടവ : അമേരിക്കയുടെ ഭാഗത്തുനിന്ന് സൈനിക ആക്രമണമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി പരിശോധിച്ചിരുന്നുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇത്തരം കരുതൽ നടപടികൾ സ്വീകരിച്ചതെന്നും ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സംഭവസാധ്യത വളരെ കുറവാണെങ്കിലും രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ഇത്തരം മുൻകരുതലുകൾ സ്വീകരിക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്തമാണെന്ന് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗിന്റിയും വ്യക്തമാക്കി.
രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ വകുപ്പുകളിൽ സമാനമായ അടിയന്തര കർമ്മപദ്ധതികൾ എപ്പോഴും തയ്യാറാക്കിയിട്ടുണ്ടാകുമെന്ന് മുൻ ആർമി കമാൻഡർ ആൻഡ്രൂ ലെസ്ലി പറഞ്ഞു. ട്രംപിന്റെ പരാമർശങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഇത്തരം പ്രതിരോധ പദ്ധതികൾ പരിഷ്കരിക്കപ്പെടാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്നും കാനഡ തകരുകയാണെന്നുമുള്ള ട്രംപിന്റെ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തിയത്.
സൈനിക നടപടിക്കുള്ള സാധ്യത വളരെ കുറവാണെങ്കിലും അന്താരാഷ്ട്ര ബന്ധങ്ങളിലെ നിലവിലെ മാറ്റങ്ങളെ കാനഡ ഗൗരവത്തോടെയാണ് കാണുന്നത്. പരമ്പരാഗത യുദ്ധസാഹചര്യമുണ്ടായാൽ കനേഡിയൻ സൈന്യത്തിന് ഉടൻ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കുമെന്ന വിലയിരുത്തലിൽ, ഗറില്ലാ യുദ്ധമുറകൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങളും ചർച്ച ചെയ്യപ്പെടാറുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഭീഷണികളെയും പ്രസ്താവനകളെയും കനേഡിയൻ രാഷ്ട്രീയ നേതാക്കൾ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്.
കാനഡ-അമേരിക്ക ബന്ധത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എൻ.ഡി.പി. പാർലമെന്ററി നേതാവ് ഡോൺ ഡേവീസ് പ്രതികരിച്ചു. ഇത്തരം പ്രസ്താവനകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധത്തിന്റെ അടിസ്ഥാനങ്ങളെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ പലരും ട്രംപിന്റെ ഇത്തരം പ്രസ്താവനകളെ നിസ്സാരമായി കാണുമ്പോഴും, കാനഡയിൽ അവ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ വളരെ വലുതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









