നാലു ദിവസത്തെ സന്ദർശനത്തിനായി മാർപാപ്പ ലിയോ പതിനാലാമൻ ഇന്ന് ഫ്രാൻസിലെത്തും. പാരീസിൽ നടക്കുന്ന വിപുലമായ കുർബാനയിൽ അഞ്ച് ലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാരീസിലെ പ്രശസ്തമായ ഷാംസ് എലിസേയിൽ നടക്കുന്ന ചടങ്ങുകൾക്കായി പ്രത്യേക ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഈ പ്രദേശം പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിലാണ്.
ഓർലി വിമാനത്താവളത്തിലെത്തുന്ന മാർപാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഔദ്യോഗികമായി സ്വീകരിക്കും. തുടർന്ന് എലീസി പാലസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ആഗോള വിഷയങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചർച്ച ചെയ്യും. ഫ്രാൻസിന്റെ കർശനമായ മതേതരത്വ നിയമങ്ങൾ കാരണം പ്രസിഡന്റ് മാക്രോൺ മാർപാപ്പയുടെ കുർബാനകളിൽ പങ്കെടുക്കില്ല. എങ്കിലും അദ്ദേഹത്തിന്റെ ഭാര്യ ബ്രിജിറ്റും പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനുവും വിവിധ ചടങ്ങുകളിൽ സന്നിഹിതരാകും.
വെള്ളിയാഴ്ച നോട്രഡാം കത്തീഡ്രൽ സന്ദർശിക്കുന്ന മാർപാപ്പ, സ്റ്റേഡ് ഡി ഫ്രാൻസിൽ നടക്കുന്ന യുവജന സമ്മേളനത്തിലും പങ്കെടുക്കും. തുടർന്ന് ഞായറാഴ്ച ലൂർദ്വിലും തിങ്കളാഴ്ച മെറ്റ്സിലും അദ്ദേഹം സന്ദർശനം നടത്തും. മെറ്റ്സിൽ വെച്ച് യൂറോപ്യൻ യൂണിയന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ റോബർട്ട് ഷൂമാന്റെ സ്മാരകത്തിൽ അദ്ദേഹം ആദരാഞ്ജലി അർപ്പിക്കും. സന്ദർശനവേളയിൽ കുറ്റകൃത്യങ്ങൾക്ക് ഇരയായവരുമായും കുടിയേറ്റക്കാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
1955-ൽ ഷിക്കാഗോയിൽ ജനിച്ച മാർപാപ്പ ലിയോ പതിനാലാമന്റെ കുടുംബത്തിന് ഫ്രാൻസുമായി അടുത്ത ബന്ധമുണ്ട്. ഫ്രാൻസിൽ കത്തോലിക്കാ സഭയുടെ സ്വാധീനം മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും, സമീപകാലത്തായി മതപരമായ കാര്യങ്ങളിൽ ജനങ്ങളുടെ താൽപ്പര്യം വർധിച്ചുവരുന്നതായി സഭാ അധികൃതർ വ്യക്തമാക്കുന്നു. സന്ദർശനം രാജ്യത്ത് വലിയതോതിൽ ശ്രദ്ധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








