ഓട്ടവ: ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ നാടുകടത്തുന്നത് താൽക്കാലികമായി നിർത്തിവെച്ചിരുന്ന നടപടി കാനഡ ഔദ്യോഗികമായി പിൻവലിച്ചു. കാനഡയിൽ തുടരാൻ നിയമപരമായ അനുമതിയില്ലാത്തവർക്കും വിവിധ നാടുകടത്തൽ ഉത്തരവുകൾ ലഭിച്ചവർക്കും ഇനി രാജ്യത്ത് തുടരാനാവില്ലെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സി.ബി.എസ്.എ) അറിയിച്ചു.
സ്വന്തം നാട്ടിൽ യുദ്ധമോ മറ്റ് വലിയ അപകടങ്ങളോ ഉള്ളപ്പോൾ ആളുകളെ നിർബന്ധിച്ച് തിരിച്ചയക്കാതിരിക്കാൻ കാനഡ നൽകുന്ന താൽക്കാലിക സംരക്ഷണമാണ് ‘അഡ്മിനിസ്ട്രേറ്റീവ് ഡിഫറൽ ഓഫ് റിമൂവൽ’ (എ.ഡി.ആർ). ഈ രാജ്യങ്ങളിലെ സാഹചര്യം സുരക്ഷിതമായതിനെ തുടർന്നാണ് കാനഡയുടെ വിസ ഒഴിവ് പട്ടികയിൽ നിന്ന് ഇവരെ ഒഴിവാക്കാൻ സി.ബി.എസ്.എ തീരുമാനിച്ചത്.
നിയമപരമായ അപ്പീലുകളും സുരക്ഷാ പരിശോധനകളും പൂർത്തിയായവർക്ക് ഇനി കാനഡയിൽ തുടരാൻ അനുമതിയുണ്ടാകില്ല. നിയമലംഘനത്തിന്റെ സ്വഭാവമനുസരിച്ച് മൂന്ന് രീതിയിലാണ് കാനഡയിൽ നിന്ന് ആളുകളെ പുറത്താക്കുന്നത്. ഇതിൽ ആദ്യത്തേതായ ‘ഡിപ്പാർച്ചർ ഓർഡർ’ ലഭിക്കുന്നവർക്ക് 30 ദിവസത്തിനകം സ്വന്തം ചെലവിൽ കാനഡ വിട്ടുപോകാൻ അവസരമുണ്ട്.
ഈ സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് ഭാവിയിൽ ആവശ്യമായ രേഖകളോടെ വീണ്ടും കാനഡയിലേക്ക് വരാൻ തടസ്സമുണ്ടാകില്ല. എന്നാൽ 30 ദിവസത്തിനുള്ളിൽ രാജ്യം വിടാത്തവരുടെ ഉത്തരവ് സ്വയം മാറി കടുത്ത ശിക്ഷയുള്ള ‘ഡിപോർട്ടേഷൻ ഓർഡർ’ ആയി മാറും. രണ്ടാമത്തെ രീതിയായ ‘എക്സ്ക്ലൂഷൻ ഓർഡർ’ ലഭിക്കുന്നവർ ഉടനടി കാനഡ വിടുകയും തിരിച്ചയക്കൽ വിവരം അതിർത്തി ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം.
Also Read: നെതന്യാഹു കാനഡയുടെ വ്യോമാതിർത്തി കടന്നോ? അന്വേഷണം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
ഇത്തരക്കാർക്ക് ഒരു വർഷത്തേക്ക് കാനഡയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടാകില്ല. വ്യാജ രേഖകൾ നൽകിയവർക്കാണെങ്കിൽ ഈ വിലക്ക് അഞ്ച് വർഷമായിരിക്കും.
മൂന്നാമത്തെതും ഏറ്റവും കടുപ്പമേറിയതുമായ ‘ഡിപോർട്ടേഷൻ ഓർഡർ’ ലഭിക്കുന്നവർ ഉടനടി രാജ്യം വിടണം. ഇവർക്ക് കാനഡയിലേക്ക് തിരികെ വരുന്നതിന് സ്ഥിരമായ വിലക്കുണ്ടാകും.
പ്രത്യേക അനുമതിയോടെയല്ലാതെ ഇവർക്ക് പിന്നീട് ഒരിക്കലും കാനഡയിലേക്ക് വരാൻ സാധിക്കില്ല. ഉത്തരവ് ലംഘിച്ച് തിരികെയെത്തിയാൽ വീണ്ടും നാടുകടത്തൽ നടപടികൾ നേരിടേണ്ടി വരും. അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണിയായവർ, ഭീകരവാദ ബന്ധമുള്ളവർ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ എന്നിവർക്ക് ഇത്തരം ഇളവുകളൊന്നും മുൻപും നൽകിയിരുന്നില്ലെന്ന് ഏജൻസി വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









