ഓട്ടവ: ഡിസംബറിൽ കാനഡയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യയുമായുള്ള സമഗ്ര വ്യാപാര കരാർ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലിക്കിടെ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ കാര്യം വ്യക്തമാക്കിയത്. കരാർ ചർച്ചകളുടെ പുരോഗതി വിലയിരുത്തുന്നതിനും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ പകുതിയോടെ കാനഡ സന്ദർശിക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന നയതന്ത്ര തർക്കങ്ങൾ പരിഹരിച്ച് സാമ്പത്തിക സഹകരണം വർധിപ്പിക്കാനാണ് ഈ നീക്കം. സുരക്ഷ, വ്യാപാരം, സാമ്പത്തിക രംഗം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കേണ്ടതുണ്ടെന്ന് കാനഡ വ്യക്തമാക്കി. മുൻകാല സംഭവങ്ങളെത്തുടർന്ന് വഷളായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി കാനഡ സുരക്ഷാ ഏജൻസികളും ഇന്ത്യൻ അധികൃതരും തമ്മിൽ നിലവിൽ ചർച്ചകൾ നടത്തിവരുന്നുണ്ട്.
Also Read: സൂര്യ കൃഷ്ണ മൂർത്തി (78) അന്തരിച്ചു
അമേരിക്കയെ മാത്രം സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡ ഇന്ത്യയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിച്ചത്. ഈ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 70 ബില്യൺ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുമായുള്ള പങ്കാളിത്തം കാനഡയ്ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









