തിരുവനന്തപുരം: തന്റെ വിമാന-ഹെലികോപ്റ്റര്‍ യാത്രകള്‍ക്കായി സര്‍ക്കാരിന്റെ ഒരു പൈസ പോലും ചെലവായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മലപ്പുറത്തെ അപകടസ്ഥലം സന്ദർശിക്കാൻ മലയാളിയായ ഒരു പരിചയക്കാരനാണ് വിമാനം അറേഞ്ച് ചെയ്തു തന്നതെന്നും അദ്ദേഹത്തിന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ ഇനിയും ഇത്തരത്തിൽ സഞ്ചരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് ആവർത്തിച്ചു.
മുന്‍ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മന്‍ ചാണ്ടിയും സ്വകാര്യ വ്യക്തികള്‍ അറേഞ്ച് ചെയ്ത വിമാനങ്ങളില്‍ മുന്‍പ് യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ മുഴുവന്‍ മുഖ്യമന്ത്രിമാരും ഇത്തരത്തില്‍ സഞ്ചരിക്കുന്നവരാണ്. മുൻകാലങ്ങളിൽ മുഖ്യമന്ത്രിമാർ ആരുടെ വിമാനത്തിലാണ് യാത്ര ചെയ്തതെന്ന് താൻ പ്രതിപക്ഷ നേതാവായിരിക്കെ ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്നും പകരം പ്രവാസികള്‍ക്കായി ഫലപ്രദമായ മറ്റൊരു പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി മുതിർന്ന മന്ത്രിമാരെ ഉൾപ്പെടുത്തി ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.
മന്ത്രി കെ.എം. ഷാജി ആഢംബര വാഹനത്തിൽ യാത്ര ചെയ്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മന്ത്രിയുടെ വാഹനം തകരാറിലായതിനെ തുടർന്ന് മറ്റൊരു വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നുവെന്നും വഴിയിൽ വെച്ച് വാഹനം കേടായാൽ സുഹൃത്തുക്കളുടെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കിയത് ഭരണനേതൃത്വത്തിൽ നിന്ന് നല്ലൊരു സന്ദേശം നൽകാനാണെന്നും 2017 മുതൽ വാങ്ങിയ വണ്ടികളാണ് മന്ത്രിമാർ ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ വിദേശയാത്രകളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ധൂര്‍ത്തും ഉണ്ടായിട്ടില്ലെന്നും ഒരു രൂപപോലും ഖജനാവിൽ നിന്ന് ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലയാളി സംഘടനകളും അലുമ്‌നി കൂട്ടായ്മകളും സ്വന്തം ചെലവില്‍ ടിക്കറ്റെടുത്ത് ക്ഷണിച്ചതുകൊണ്ടാണ് മന്ത്രിമാർ വിദേശത്തുപോയത്. താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വിദേശയാത്രകള്‍ക്ക് സര്‍ക്കാരിന്റെ പണം ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








